ന്യൂഡൽഹി > ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് വ്യവസായി അനിൽ അംബാനിയെ വിലക്കി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). അഞ്ച് വർഷത്തേക്കാണ് വിലക്ക്. 25 കോടി രൂപ പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനിയിലെ പണം വകമാറ്റി ചെലവഴിച്ചതിന്റെ പേരിലാണ് നടപടി.
റിലയൻസ് ഹോം ഫിനാൻസിന്റെ തലപ്പത്തുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥർക്കടക്കം 24 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിലയൻസ് ഹോം ഫിനാൻസിന് വിപണിയിൽ ആറ് മാസത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം. വിലക്കിയതോടെ അനിൽ അംബാനിക്ക് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ കഴിയില്ല.