ന്യൂഡൽഹി> ഇന്ത്യന് ഗുസ്തി ഫെഡറേഷന് മുന് അധ്യക്ഷന് ബ്രിജ്ഭൂഷണ് ശരണ് സിങ്ങിനെതിരായ ലൈംഗികാതിക്രമക്കേസില് വീണ്ടും ഒത്താശയുമായി ഡൽഹി പൊലീസ്. ബ്രിജ്ഭൂഷണെതിരായ ബലാത്സംഗക്കേസിൽ മൊഴി നല്കേണ്ട മൂന്നു വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ പിൻവലിക്കുകയായിരുന്നു പൊലീസ്. വിനേഷ് ഫോഗാട്ടും സാക്ഷിമാലിക്കുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വനിതാ താരങ്ങൾക്കുള്ള സുരക്ഷ പിൻവലിച്ച് അവരെ സമ്മർദ്ദത്തിലാക്കാനാണ് പൊലീസിന്റെ ശ്രമമെന്നും മൊഴി നല്കാന് എത്തിയാല് താരങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകാന് സാധ്യതയുണ്ടെന്നും അതിനുള്ള സാഹചര്യം ഒരുക്കുന്ന സമീപനമാണ് ഡൽഹി പൊലീസിൽ നിന്ന് ഉണ്ടാകുന്നതെന്നും വിനേഷ് പറഞ്ഞു. സംഭവത്തിനെതിരെ ഇരു താരങ്ങളും ഡൽഹി പൊലീസിനെയും ഡൽഹി വനിതാ കമ്മീഷനെയും ദേശീയ വനിതാ കമ്മീഷനെയും ടാഗ് ചെയ്ത് എക്സിൽ പോസ്റ്റിട്ടു.
സംഭവം വിവാദമായതോടെ വിഷയത്തില് ഡൽഹി കോടതി ഇടപെട്ടു. പൊലീസിനെ അതിരൂക്ഷമായി വിമർശിക്കുകയും ഉടന് തന്നെ താരങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താന് നിർദ്ദേശിക്കുകയും ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ താരങ്ങൾക്കുള്ള സുരക്ഷ പിൻവലിക്കരുതെന്നും കോടതി ഡൽഹി പൊലീസിനോട് പറഞ്ഞു.
കേസില് വിചാരണ നടക്കുന്ന അടുത്ത ദിവസം തന്നെ സുരക്ഷ പിൻവലിച്ചതിനെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാനും ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു.
जिन महिला पहलवानों की बृजभूषण के ख़िलाफ़ कोर्ट में गवाहियाँ होने वाली हैं, दिल्ली पुलिस ने उनकी सुरक्षा हटा ली है @DelhiPolice @DCWDelhi @NCWIndia
— Vinesh Phogat (@Phogat_Vinesh) August 22, 2024