ലൊസെയ്ൻ: ഹാട്രിക് ലക്ഷ്യവുമായി ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഗ്രനേഡയുടെ ആൻഡേഴ്‌സ്ൺ പീറ്റേഴ്‌സിനാണ് ഒന്നാം സ്ഥാനം. ഇന്ത്യൻ സമയം പുലർച്ചെ 12.22നാണ് ജാവലിൻ ത്രോ മത്സരം ആരംഭിച്ചത്. അവസാന ശ്രമത്തിൽ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
90.61 മീറ്റർ ദൂരമെറിഞ്ഞാണ് ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ഡയമണ്ട് ലീഗിലെ മത്സരത്തിൽ ഒന്നാമെത്തിയത്. പാരിസ് ഒളിമ്പിക്‌സിന് ശേഷം നീരജ് മത്സരിച്ച പ്രധാന അന്താരാഷ്ട്ര മത്സരമായിരുന്നു ലൊസെയ്ൻ ഡയമണ്ട് ലീഗ്. ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജ് ചാംപ്യനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ഈ സീസണിലെ നീരജിൻറെ ഏറ്റവും മികച്ച പ്രകടനമാണ് ലൊസെയിനിൽ കണ്ടത്.ആദ്യ അഞ്ച് ശ്രമങ്ങളിൽ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു നീരജിൻറെ പ്രകടനം. ആറാമത്തെ ശ്രമത്തിലാണ് 89.49 മീറ്റർ കണ്ടെത്തിയതും രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതും.
പാരിസ് ഒളിമ്പിക്‌സിൽ സ്വർണം നഷ്ടമായതിൻറെ ക്ഷീണം മാറ്റാനും ലൊസെയ്‌നിൽ ഹാട്രിക്ക് തികക്കാനും ഇറങ്ങിയ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപേടേണ്ടിവന്നു. പാരീസിൽ പാകിസ്ഥാൻറെ അർഷദ് നദീമിന് മുന്നിൽ സ്വർണം കൈവിട്ട നീരജിന് ലൊസെയ്‌നിലും മത്സരം അനായാസമായിരുന്നില്ല. അർഷാദ് നദീം ലൊസെയ്‌നിൽ മത്സരിച്ചില്ലെങ്കിലും പാരിസ് ഒളിംപിക്‌സ് ഫൈനലിലിൽ ആദ്യ ആറിലെത്തിയ അഞ്ച് താരങ്ങളും നീരജിനൊപ്പം ഇന്ന് മത്സരത്തിനിറങ്ങിയിരുന്നു. വെങ്കല മെഡൽ സ്വന്തമാക്കിയ ഗ്രനേഡയയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ചെക്കിൻറെ യാക്കൂബ് വാദ്‌ലെച്ച്, ജർമനിയുടെ ജൂലിയൻ വെബ്ബർ എന്നിവർ നീരജിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് പാരിസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കിയത്. അവസാന നിമിഷമാണ് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരിക്കാൻ നീരജ് സന്നദ്ധത അറിയച്ചത്. ഇതോടെ സംഘാടകർ മത്സരാർത്ഥികളുടെ ലിസ്റ്റ് പുതുക്കി.ഒളിംപക്‌സിനിടെ പരിക്ക് അലട്ടിയ നീരജ് ശസ്ത്രക്രിയക്ക് വിധേയാവുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകളെങ്കിലും സീസണൊടുവിൽ മാത്രമെ നീരജ് ശസ്ത്രക്രിയക്ക് വിധേയനാവൂ എന്നാണ് സൂചന. 2022ലും 2023ലും നീരജായിരുന്നു ലൊസെയ്ൻ ഡയമണ്ട് ലീഗിൽ ചാംപ്യനായത്.
Read More
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ
- വിനേഷിന് വീരോചിത വരവേൽപ്പ് നൽകി ഇന്ത്യ