ന്യൂഡൽഹി
വൻകിട ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ കടന്നുകയറ്റം ഇന്ത്യയുടെ ചെറുകിട വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായെന്നും ആമസോൺ അടക്കമുള്ളവരുടെ കോടികളുടെ നിക്ഷേപം രാജ്യത്തിന്റെ വളര്ച്ചയ്ക്കോ തൊഴില് സൃഷ്ടിക്കോ കാര്യമായ സംഭാവന നല്കുന്നില്ലെന്നും തുറന്നുസമ്മതിച്ച് കേന്ദ്ര വാണിജ്യകാര്യമന്ത്രി പിയുഷ് ഗോയൽ.
ഇ –- കൊമേഴ്സ് പ്ലാറ്റ്ഫോമുകള് ആവശ്യമാണ്. എന്നാൽ പത്തുവര്ഷത്തിനുള്ളിൽ നമ്മുടെ വിപണിയുടെ പകുതിയും ഇ –- കൊമേഴ്സ് മേഖലയിലാകുമെന്നത് അഭിമാനമല്ല, മറിച്ച് ആശങ്കയാണുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നൂറുകോടി നിക്ഷേപിക്കുന്നുവെന്ന് ആമസോൺ പറയുമ്പോള് നാം ആഘോഷിക്കും. എന്നാൽ വിലകുറച്ച് വിപണി പിടിക്കുന്ന നയം രാജ്യത്തിന് ഗുണകരമാണോ.
രാജ്യത്തെ പത്തുകോടി ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിനെയാണ് ഇത് ബാധിക്കുന്നത്. ഓൺലൈൻ ഭക്ഷ്യവിതരണ ആപ്പുകള്, ഓൺലൈൻ മെഡിസിൻ വ്യാപാരം, വൻകിട മൊബൈൽ ഷോറൂമുകള് എന്നിവയുടെ സ്വാധീനവും ആശങ്കാജനകമാണ്. ഇ –- കൊമേഴ്സ് മേഖല തൊഴിലിലും ഉപഭോക്തൃക്ഷേമത്തിലും ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പഹലെ ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.