വാഴ്സ> വിദേശയാത്രയ്ക്കിടെ ഇന്ത്യയുടെ പഴയ വിദേശ നയത്തെ വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേരിചേരാനയത്തെ മുന്നിര്ത്തി വാഴ്സയിലെ പ്രസംഗത്തിനിടെയായിരുന്നു കുറ്റപ്പെടുത്തല്.
എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള് സ്ഥിതി മാറിയെന്നും നരേന്ദ്രമോദി പറഞ്ഞു. ശാക്തിക ചേരികളില് നിന്നും വിട്ട് നിന്ന് സ്വതന്ത്ര നിലപാട് സ്വീകരിക്കുക എന്ന ചേരിചേരാ നയത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്.
എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്ത്തുക എന്നതാണ് ഇപ്പോള് ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന് ആഗ്രഹിക്കുന്നുവെന്നും മോദി തുടര്ന്ന് പറഞ്ഞു.
ചേരിചേരാ നയവും പ്രസ്ഥാനവും
നൂറിലേറെ അംഗരാജ്യങ്ങള് ഉള്ക്കൊള്ളുന്നതായിരുന്നു ചേരിചേരാ പ്രസ്ഥാനം. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല് ഏറ്റവും അംഗസംഖ്യയുള്ള സാര്വദേശീയ പ്രസ്ഥാനമായിരുന്നു. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
സാമ്രാജ്യത്വം, കോളനിവത്ക്കരണം, വര്ണ്ണവിവേചനം, വംശവിവേചനം, സിയോണിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്പെടുന്നു.
ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന ജവഹര്ലാല് നെഹ്രു, യൂഗോസ്ലാവ്യന് പ്രസിഡന്റ് മാര്ഷല് ടിറ്റോ, ഈജിപ്ഷ്യന് പ്രസിഡന്റ് ഗമാല് അബ്ദുന്നാസര് എന്നീ ത്രിമൂര്ത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
ഇന്ത്യന് വിദേശനയത്തിന്റെ അടിത്തറ ചേരിചേരാനയമായിരുന്നു. മൂന്നാം ലോകത്തിന്േറയും ചേരിചേരാ രാഷ്ട്രങ്ങളുടേയും അവികസിത-പിന്നാക്ക രാഷ്ട്രങ്ങളുടേയും വക്താവും നേതാവുമായി ഇന്ത്യ ഇതോടെ ഉയര്ന്നു നിന്നിരുന്നു
ബുധനാഴ്ചയാണ് നരേന്ദ്രമോദി പോളണ്ടിലെത്തിയത്. 1979-ല് മൊറാര്ജി ദേശായിയാണ് ഇതിനുമുന്പ് പോളണ്ട് സന്ദര്ശിച്ച ഇന്ത്യന് പ്രധാനമന്ത്രി.
പോളണ്ടില്നിന്ന് യുക്രൈനിലേക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് വൊളോദിമിര് സെലെന്സ്കിയെ കാണുമെന്നാണ് അറിയിപ്പുകള്.