ന്യൂഡൽഹി > ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ രൂപീകരിച്ച ദേശീയ ദൗത്യ സേന (നാഷണൽ ടാസ്ക് ഫോഴ്സ്) അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഡോക്ടർമാരുടെ സംരക്ഷണത്തിനായി ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഫെഡറഷേൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനാണ് (എഫ്എഐഎംഎ) ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇടപെടൽ ഹർജി നൽകിയത്.
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽകോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, കഴിഞ്ഞദിവസം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി മുതിർന്ന ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും അംഗങ്ങളായ ദേശീയ ദൗത്യസേന രൂപീകരിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള നടപടികൾ ശുപാർശ ചെയ്യുകയാണ് സമിതിയുടെ ചുമതല.
രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ദൗത്യസേന റിപ്പോർട്ട് വരുന്നത് വരെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് എഫ്എഐഎംഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൊൽക്കത്ത സംഭവവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.