കൊല്ക്കത്ത> ആർജി കര് മെഡിക്കല് കോളേജില് ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ, പ്രിന്സിപ്പല് സ്ഥാനം രാജിവച്ച ഡോ. സന്ദീപ് ഘോഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന് മെഡിക്കല് കോളജ് സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങള് വില്പ്പന നടത്തി എന്നതുള്പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് അദ്ദേഹം ഏര്പ്പെട്ടതായും അക്തര് അലി പറഞ്ഞു.
സന്ദീപ് ഘോഷിന്റെ സുരക്ഷാ അംഗമായി പ്രവര്ത്തിച്ചയാളാണ് കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് എന്നും അക്തര് അലി ആരോപിച്ചു. പ്രിന്സിപ്പലിന്റെ നിരവധി നിയമവിരുദ്ധ പ്രവര്ത്തനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലന്സ് കമ്മീഷനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സന്ദീപ് ഘോഷിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പിന് റിപ്പോര്ട്ട് നല്കിയെങ്കിലും അന്നേദിവസം തന്നെ ആര്ജി കര് ആശുപത്രിയില് നിന്ന് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങളെയും അവര് സ്ഥലം മാറ്റി. ഈ പ്രിന്സിപ്പലില് നിന്ന് വിദ്യാര്ഥികളെ രക്ഷിക്കാന് കഴിയാവുന്നതെല്ലാം താന് ചെയ്തു. പക്ഷെ, താന് പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
2021ലാണ് ആര്ജി കര് ആശുപത്രിയില് ഘോഷ് പ്രിന്സിപ്പലായി നിയമിതനായത്. ഭരണതലത്തില് ശക്തമായ സ്വാധീനമാണ് ഘോഷിന് ഉള്ളതെന്നും അക്തര് അലി ചൂണ്ടിക്കാട്ടി. ഇത്തരമൊരാളെ ഉടന് തന്നെ കസ്റ്റഡിയില് എടുക്കണമെന്നും അയാള് പൊതുസമൂഹത്തിന് ഹാനികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.