മുംബൈ > താനെയിലെ ബദ്ലാപുരിൽ സ്വകാര്യസ്കൂളിൽ രണ്ട് നഴ്സറി കുട്ടികളോട് പുരുഷജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. നാൽപ്പതോളം പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. 300 എഫ്ഐആറുകളും പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലായ പ്രതിയെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ആഗസ്ത് 13നാണ് സംഭവം നടന്നത്. മൂന്നും നാലും വയസുള്ള കുട്ടികൾക്ക് സ്കൂളിലെ ശുചിമുറിയിൽവച്ചാണ് ലൈംഗികാതിക്രമം നേരിട്ടത്. കുട്ടികളിലൊരാൾ വീട്ടിൽ പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. ഉടൻ തന്നെ പരാതി നൽകിയെങ്കിലും വൈകിയാണ് പൊലീസ് കേസെടുത്തതെന്ന് ആരോപണമുണ്ടായിരുന്നു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രതി. സംഭവം വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും അറ്റൻഡന്റിനെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. കേസെടുക്കാൻ വൈകിയെന്ന ആരോപണത്തിനു പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
വ്യാപക പ്രതിഷേധമാണ് സംഭവം പുറത്തറിഞ്ഞതിനു ശേഷം മഹാരാഷ്ട്രയിൽ നടന്നത്. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ സ്കൂൾ അടിച്ചുതകർത്തു. സ്ത്രീകളുൾപ്പെടെയുള്ളവർ ബദ്ലാപുർ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പത്തിലേറെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. റെയിൽവ സ്റ്റേഷനുനേരെ കല്ലേറുണ്ടായി. സ്ത്രീകളുൾപ്പെടെയുള്ളവർ സ്കൂളിന് മുന്നിൽ തടിച്ചുകൂടി. ഒരുവിഭാഗം ഗേറ്റ് തകർത്ത് അകത്തുകയറി ജനലും വാതിലും ബെഞ്ചുമെല്ലാം അടിച്ചുതകർത്തു. തുടർന്നാണ് ട്രെയിനുകൾ തടഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.