ന്യൂഡൽഹി > മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി 27ന് പരിഗണിക്കാനായി മാറ്റി. കവിതയുടെ ജാമ്യാപേക്ഷയിൽ 22നകം മറുപടി നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അറിയിച്ചിട്ടുണ്ട്.
കേസുകളിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കവിത നൽകിയ ഹർജിയിൽ ഈ മാസം 12ന് സുപ്രീംകോടതി ഇഡിയോടും സിബിഎയോടും പ്രതികരണം തേടിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ സിബിഐയുടെ എതിർ സത്യവാങ്മൂലം സമർപിച്ചിട്ടുണ്ടെന്ന് ഇഡിക്കും സിബിഐക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു സുപ്രീംകോടതിയെ അറിയിച്ചു.
മാർച്ച് 15നാണ് കേസിൽ കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 15ന് സിബിഐയും കവിതയെ അറസ്റ്റ് ചെയ്തു.