കോഴിക്കോട്> 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്ത ഓഫീസർമാർക്കെതിരെയും ‘വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല, അറിയില്ല’ എന്ന രീതിയിൽ മറുപടി നൽകുന്നവര്‍ക്കെതിരെയും കർശന നടപടിയുമായി സംസ്ഥാന വിവരാവകാശ കമീഷന്. ഒരു ഓഫീസിൽ ലഭിക്കുന്ന അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽനിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽപ്പോലും അത് അവിടേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ടെന്ന് കമീഷന് അംഗം ടി കെ രാമകൃഷ്ണൻ പറഞ്ഞു.
രണ്ടാം അപ്പീലുകൾ കമീഷന് മുമ്പിലേക്ക് ഒരുപാട് വരുന്നുണ്ട്. താഴെത്തട്ടിൽ തന്നെ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്നതിനാലാണിത്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്ക് (എസ്പിഐഒ) നിർണായക പങ്കുണ്ടെന്നും കമീഷൻ നിരീക്ഷിച്ചു.
തിങ്കളാഴ്ച നടത്തിയ കമീഷൻ സിറ്റിങ്ങില്‍ പരിഗണിച്ച 11 അപേക്ഷകളും തീർപ്പാക്കി. നിശ്ചിതസമയത്തിനുള്ളിൽ ആവശ്യപ്പെട്ട രേഖ നൽകുന്നതിൽ വളയനാട് വില്ലേജിലെ എസ്പിഐഒ വീഴ്ച വരുത്തിയതായി കമീഷൻ പറഞ്ഞു. പല അപേക്ഷകളിലും എസ്പിഐഒമാർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.