മാഡ്രിഡ്
സ്പെയ്നിൽ കിരീടം നിലനിർത്താനിറങ്ങിയ റയൽ മാഡ്രിഡിന് ആദ്യകളിയിൽ തിരിച്ചടി. മയ്യോർക്കയോട് 1–-1ന് സമനില വഴങ്ങി. റോഡ്രിഗോയിലൂടെ തുടക്കം മുന്നിലെത്തിയ ചാമ്പ്യൻമാരെ രണ്ടാംപകുതി വെഡറ്റ് മുറീകിയിലൂടെ മയ്യോർക്ക തളച്ചു. കഴിഞ്ഞയാഴ്ച അറ്റ്ലാന്റയെ തോൽപ്പിച്ച് സൂപ്പർ കപ്പ് ജേതാക്കളായ റയലിന് ഈ സമനില അപ്രതീക്ഷിതമായിരുന്നു. പരിക്കുസമയം പ്രതിരോധക്കാരൻ ഫെർലാൻഡ് മെൻഡിക്ക് ചുവപ്പ് കാർഡ് കിട്ടിയത് ആഘാതം കൂട്ടി.
കരുത്തുറ്റനിരയുമായി ലീഗിലെ ആദ്യമത്സരത്തിന് ഇറങ്ങിയ റയലിന് തിളങ്ങാനായില്ല. സ്പാനിഷ് ലീഗിലെ അരങ്ങേറ്റത്തിൽ കിലിയൻ എംബാപ്പെയ്ക്ക് ലക്ഷ്യം കാണാനായില്ല. അറ്റ്ലാന്റയ്ക്കെതിരെ സൂപ്പർ കപ്പിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഗോളടിച്ചിരുന്നു. മുന്നേറ്റത്തിൽ വിനീഷ്യസ് ജൂനിയർ–-എംബാപ്പെ–-റോഡ്രിഗോ ത്രയവുമായി കളത്തിലെത്തിയ റയലിനെ സംഘടിത പ്രതിരോധത്തിലൂടെ മയ്യോർക്ക തളച്ചു. 18 ഷോട്ടുകൾ പായിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒന്ന് മാത്രമാണ് വലയിലായത്. 13–-ാംമിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം തുടങ്ങിവച്ച നീക്കമാണ് ഗോളിൽ കലാശിച്ചത്. ബെല്ലിങ്ഹാമിൽനിന്ന് ബോക്സിൽ പന്ത് സ്വീകരിച്ച എംബാപ്പെയ്ക്ക് പക്ഷേ, നിയന്ത്രണം കിട്ടിയില്ല. എതിരാളി റാഞ്ചാനെത്തിയപ്പോഴേക്കും വിനീഷ്യസ് ഇടപെട്ടു. ബ്രസീലുകാരൻ പിന്നോട്ട് നൽകിയ പാസ് സ്വീകരിച്ച റോഡ്രിഗോ മയ്യോർക്ക പ്രതിരോധത്തെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് പായിച്ചു. ഉഗ്രൻ ഗോളിൽ റയൽ ലീഡെടുത്തു.
പിന്നാലെ ഗോൾമഴ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തുടക്കത്തിലെ ആധിപത്യം നിലനിർത്താൻ കാർലോ ആൻസെലോട്ടിയുടെ സംഘത്തിനായില്ല. മയ്യോർക്ക പ്രതിരോധം മുറുക്കിയതോടെ ഗോളകന്നു. ഇടവേളയ്ക്കുശേഷം പ്രത്യാക്രമണത്തിലൂടെ അവർ ഒപ്പമെത്തി. ഡാനി റോഡ്രിഗസിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെയായിരുന്നു വെഡറ്റിന്റെ സമനില ഗോൾ. ലൂകാ മോഡ്രിച്ചിനെയും ആർദ ഗൂലെറിനെയുമെല്ലാം പകരക്കാരായി കൊണ്ടുവന്നിട്ടും റയലിന് ജയം പിടിക്കാനായില്ല. പരിക്കുസമയം വെഡറ്റിനെ അപകടകരമായി വീഴ്ത്തിയതിനാണ് മെൻഡി ചുവപ്പ് കാർഡ് കണ്ട് പുറത്തായത്.
ഇരുപത്തഞ്ചിന് റയൽ വല്ലാഡോളിഡുമായാണ് അടുത്ത കളി.