ബംഗളൂരു > ഭൂമി കുംഭകോണക്കേസിൽ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു വിഭാഗങ്ങളുടെയും വാദംകേട്ട കോടതി കേസ് 29ലേക്ക് മാറ്റി. അതുവരെ വിചാരണ കോടതി തുടർനടപടി നിർത്തിവയ്ക്കാനാണ് നിർദേശം.
ഗവർണർ താവർചന്ദ് ഗെലോട്ടാണ് ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകൾ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യപ്രവർത്തകയായ സ്നേഹമയി കൃഷ്ണ രംഗത്ത് വന്നതോടെയാണ് വൻ ഭൂമി കുംഭകോണം പുറത്തായത്. 50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി ചില വ്യക്തികൾക്ക് ലഭിച്ചെന്നാണ് ആരോപണം.