ന്യൂഡൽഹി
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിലേക്ക്. ഞായർ രാവിലെ ഡൽഹിയിലെത്തിയ ചംപയ് സോറൻ എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജെഎംഎം വിടുകയാണെന്ന സൂചന നൽകിയത്. ഒന്നുകിൽ രാഷ്ട്രീയം വിടുക, അല്ലെങ്കിൽ സ്വന്തമായി പാർടിയുണ്ടാക്കുക, അതുമല്ലെങ്കിൽ മറ്റൊരു പാർടിയുടെ ഭാഗമാകുക എന്നീ വഴികളും തനിക്കുമുന്നില്‍ തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. ജൂലൈ മൂന്നിന് നിയമസഭാ കക്ഷിയോഗം ചേരുന്നതുവരെ പരിപാടികൾ നടത്തരുതെന്ന് പാർടി നേതൃത്വം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരിപാടി മറ്റൊരാൾ റദ്ദാക്കുന്നതിനേക്കാൾ വലിയ അപമാനമുണ്ടോ. യോഗത്തിനിടയിൽ രാജിയാവശ്യപ്പെട്ടത് ഞെട്ടിച്ചു.
അതേസമയം, എംഎൽഎമാരെയും നേതാക്കളെയും ബിജെപി ചാക്കിട്ടുപിടിക്കുന്നുവെന്ന് ചംപൈ സോറന്റെ പേരുപറയാതെ മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രതികരിച്ചു. എന്നാൽ, ഡൽഹിയിലെത്തിയത് മകളെ കാണാനെന്നായിരുന്നു ചംപയ് സോറൻ മാധ്യമങ്ങളോട് പറഞ്ഞത്. കള്ളപ്പണക്കേസിൽ ജനുവരി 31ന് ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തതോടെയാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ ചംപയ് സോറൻ രാജിവച്ചു.