മംഗളൂരു
മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ കർണാടകത്തിൽ കോൺഗ്രസ് ഭരണം പ്രതിസന്ധിയിൽ. സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്ന ആവശ്യത്തിൽ 21ന് കോടതി തീരുമാനമടുക്കും. പ്രതിരോധം തീർക്കാൻ അഭിഭാഷകരും കോൺഗ്രസ് നേതാക്കളുമായ അഭിഷേക് മനു സിങ്വിയും കപിൽ സിബലും തിങ്കളാഴ്ച ബംഗളൂരുവിൽ എത്തും.
അയ്യായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, 2021-ൽ മുൻ ബിജെപി സർക്കാരിന്റെ കാലത്താണ് സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇത്തരത്തിൽ ക്രമക്കേടിലൂടെ ഭൂമി അനുവദിച്ചത്. ബിജെപി കൂടി അറിഞ്ഞുകൊണ്ടുള്ള ക്രമക്കേട് മൂന്ന് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ പുറത്ത് വന്നപ്പോൾ ജാള്യമില്ലാതെ അതിന്റെ രാഷ്ട്രീയ ലാഭം കൊയ്യാൻ ബിജെപി തെരുവിലിറങ്ങുകയാണ്.
അതേമസയം, മുഖ്യമന്ത്രി സിദ്ധരാമയ്യ 22ന് കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു. യോഗത്തിൽ ആരോപണത്തെ കുറിച്ച് സിദ്ധരാമയ്യ വിശദീകരിക്കും. കഴിഞ്ഞ ബിജെപി സർക്കാറിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവരുമെന്നും ആറുമാസത്തിനകം സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ പകുതിപ്പേരും ജയിലിലാകുകയോ ജാമ്യത്തിനായി നെട്ടോട്ടമോടുകയോചെയ്യുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. മഹർഷി വാല്മീകി പട്ടികവർഗ കോർപ്പറേഷൻ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പട്ടികജാതി വികസനമന്ത്രി ബി നാഗേന്ദ്ര ഈയിടെ രാജിവെച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത നാഗേന്ദ്ര നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇതിൽ മുഖം നഷ്ടപ്പെട്ട കോൺഗ്രസ് സർക്കാർ മറ്റൊരു അഴിമതി കേസിൽ മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്തേക്ക് വന്നതോടെ പതറിയിരിക്കുകയാണ്.
അനുവദിച്ച
ഭൂമിയുടെ മൂല്യം
ഏറ്റെടുത്തതിനേക്കാൾ കൂടുതൽ
കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകൾ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യപ്രവർത്തകയായ സ്നേഹമയി കൃഷ്ണ രംഗത്ത് വന്നതോടെയാണ് വൻ ഭൂമി കുംഭകോണം പുറത്തായത്. 50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി ചില വ്യക്തികൾക്ക് ലഭിച്ചെന്നാണ് ആരോപണം.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ പേരിൽ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവർക്ക് വിജയനഗറിൽ കണ്ണായ പ്രദേശത്ത് 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയിൽ ഏറ്റെടുത്ത യഥാർത്ഥ ഭൂമിയേക്കാൾ വളരെ കൂടുതലാണെന്ന് ആരോപണം. പാർവതിയും സഹോദരൻ മല്ലികാർജുനും മറ്റ് പ്രതികളും ചേർന്ന് കേസരെയിലെ ഭൂമി 2004ൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ വ്യാജരേഖ ചമച്ചുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു പരാതിയും നൽകിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാവി
അഴിമതി നിരോധന നിയമ പ്രകാരം മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയാൽ ഇതുസംബന്ധിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. സാക്ഷികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യാം. സാധാരണ ഗതിയിൽ സംസ്ഥാന പൊലീസാണ് ഇത് ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസിൽ വിശ്വാസമില്ലെന്ന് കാട്ടി പരാതിക്കാർക്ക് സിബിഐ അന്വേഷണം ആവശ്യപ്പെടാം. മൈസൂർ അർബൻ വികസന അതോറിറ്റിക്ക് കേന്ദ്രസർക്കാർ ഫണ്ട് കിട്ടുന്നുണ്ടെങ്കിൽ നേരിട്ടും സിബിഐയ്ക്ക് അന്വേഷിക്കാം.
അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിക്ക് നൽകിയാൽ സാധാരണപോലെ വിചാരണ നടപടികൾ തുടങ്ങും. കുറ്റം കണ്ടെത്തികഴിഞ്ഞാൽ ശിക്ഷ വിധിക്കാം. ഈ നടപടിക്രമങ്ങളിലൊന്നും വീണ്ടും ഗവർണറുടെ അനുമതി ഇനി ആവശ്യമില്ലെന്ന് നിയമവിദഗ്ധർ പറയുന്നു.