തിരുവനന്തപുരം
സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക നൽകുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ മാസം ആദ്യം 1960 കോടി രൂപ അനുവദിച്ചിരുന്നു.
മെയിന്റനൻസ് ഗ്രാന്റ് രണ്ടാംഗഡു 1,377.06 കോടി, പൊതു ആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാംഗഡു 210.51 കോടി, ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി എന്നിവയാണ് അനുവദിച്ചത്. പഞ്ചായത്തുകൾക്ക് 928.28 കോടിരൂപ നൽകി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 130.09 കോടിയും നഗരസഭകൾക്ക് 184.12 കോടിയും കോർപറേഷനുകൾക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റനൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടി രൂപയും റോഡിതര വിഭാഗത്തിൽ 847.42 കോടി രൂപയുമാണ് നൽകിയത്. ഈ സാമ്പത്തിക വർഷം ഇതുവരെ 5815 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്.