കൽപ്പറ്റ
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ അടിയന്തര ധനസഹായം പിടിച്ചുപറിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടി സംസ്ഥാന സർക്കാർ തടഞ്ഞു. ദുരിതബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽനിന്നാണ് കേരള ഗ്രാമീൺ ബാങ്ക്, വായ്പാ തിരിച്ചടവിന്റെ ഗഡുക്കളാണ് അവരുടെ സമ്മതമില്ലാതെ പിടിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ഉടനെ മുഖ്യമന്ത്രി ഇടപെട്ടു. തുടർന്ന് ബാങ്ക് പിടിച്ചതുക തിരിച്ചുനൽകാൻ കലക്ടർ ഉത്തരവിറക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ കലക്ടറുടെ ഉത്തരവ് മറ്റ് ഷെഡ്യൂൾഡ് ബാങ്കുകൾക്കും ബാധകമാണ്.
മുണ്ടക്കൈ ദുരന്തബാധിതരായ തോട്ടംതൊഴിലാളി പുഞ്ചിരിമട്ടം പാറക്കൽ മിനിമോൾ, ചൂരൽമല കൃഷ്ണഭവനിൽ രാജേഷ് എന്നിവരുടെ വായ്പാഗഡു ധനസഹായത്തിൽ നിന്ന് പിടിച്ചതായാണ് പരാതി. മിനിമോൾക്ക് ദുരിതാശ്വാസമായി ലഭിച്ച 10000 രൂപയിൽനിന്നും കേരള ഗ്രാമീൺ ബാങ്ക് 3,000 രൂപയാണ് പിടിച്ചത്. വീട് നിർമാണം പൂർത്തിയാക്കാൻ 50,000 രൂപയാണ് വായ്പ എടുത്തതെന്ന് മിനിമോളുടെ ഭർത്താവ് മോഹനൻ പറഞ്ഞു. ഉരുൾപൊട്ടലിൽ ആ വീട് ഭാഗികമായി തകർന്ന് കുടുംബം മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുകയാണ്. ദുരന്തബാധിതനായ രാജേഷ് പശുവിനെ വാങ്ങാൻ എടുത്ത വായ്പയുടെ ഗഡുവാണ് പിടിച്ചത്. ബാങ്കിന്റെ നടപടി സർക്കാർ തടഞ്ഞതോടെ കൂടുതൽപേർ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു.
ഇഎംഐ പിടിച്ച വിവരം പുറത്തുവന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വയനാട് കലക്ടർ ഡി ആർ മേഘശ്രീയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കലക്ടർ റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെ, തുക തിരിച്ചുനൽകാൻ ഉത്തരവിറക്കി. ഉരുൾപൊട്ടിയ ജൂലൈ 30നുശേഷം ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഏതെങ്കിലും വിധത്തിൽ തുക പിടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കേരള ബാങ്ക് ദുരിതബാധിതരുടെ മുഴുവൻ വായ്പയും എഴുതിത്തള്ളി മാതൃകയായപ്പോഴാണ് ഗ്രാമീൺ ബാങ്കിന്റെ ദ്രോഹനടപടി.