കൊൽക്കത്ത> ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഞായറാഴ്ച പകൽ 1.03നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം കൊൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ.
ആഗസ്ത് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ ജി കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി ജി ട്രെയിനിയായ 31 കാരി വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്.
തൃണമൂൽ പ്രവർത്തകനായ സിവിക് വളന്റിയർ സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ കൊല്ലപ്പെട്ട ഡോക്ടറുടെ രക്ഷിതാവും മറ്റുള്ളവരും നൽകിയ ഹർജി പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി ആഗസ്റ്റ് 13ന് കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷണത്തിലെ വീഴ്ചകളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.