കോട്ടയം > കാഞ്ഞിരപ്പള്ളിയിൽ ബിരുദവിദ്യാർഥിനി ജസ്ന ജയിംസിനെ കാണാതായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. ജസ്നയ്ക്ക് സമാനമായി തോന്നുന്ന യുവതിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടതായി ലോഡജിലെ മുൻ ജീവനക്കാരി പറഞ്ഞു. കാണാതായതിന് ദിവസങ്ങൾക്ക് മുമ്പ് കാഴ്ചയിൽ ജസ്നയ്ക്ക് സമാനമായി തോന്നുന്ന യുവതി ലോഡ്ജിൽ എത്തിയെന്നാണ് ജീവനക്കാരി പറയുന്നത്. ഇതേ ലോഡ്ജിന് സമീപത്തുനിന്നും ജസ്നയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.
ജസ്നയെ കാണാതായ വാർത്ത പത്രത്തിൽ കണ്ടാണ് ലോഡ്ജിലെത്തിയ പെൺകുട്ടി ജസ്നയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറയുന്നത്. ലോഡ്ജ് ഉടമയെ ഇക്കാര്യം അറിയിച്ചെങ്കിലും ആരോടും പറയരുതെന്ന് ലോഡ്ജ് ഉടമ പറഞ്ഞതായാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.