ചെന്നൈ > ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് തമിഴ് നാട്ടിൽ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവാദ പ്രസ്താവനയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലാജെ ആത്മാർഥമായി മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ ശോഭ കരന്തലാജെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞിരുന്നു. എന്നാൽ തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടു പേരിനു മാപ്പു പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്റ്റിസ് ജി ജയചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
വാർത്താസമ്മേളനം വിളിച്ചു മാപ്പു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. അതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞതെന്നുമുള്ള ശോഭയുടെ അഭിഭാഷകന്റെ മറുപടിക്കാണ് കോടതിയുടെ രൂക്ഷവിമർശനം കിട്ടിയത്.
വാദവുമായി മുന്നോട്ടു പോകാൻ തയാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചു. കേസ് ആഗസ്ത് 23ലേക്കു മാറ്റി. ശോഭ ഇതിനു മുമ്പ് കേരളത്തെക്കുറിച്ചും വിവാദ പരാമർശം നടത്തിയിരുന്നു.