കൊല്ലം> പറമ്പിലിറങ്ങി തേങ്ങയിടാനും തേങ്ങ വാഹനത്തിലേക്ക് മാറ്റുന്നതിനുമായി ഇനി റോബോകൾ സജ്ജം. കൗതുകക്കാഴ്ചകൾ നിറഞ്ഞതായിരുന്നു ശനിയാഴ്ച സമാപിച്ച റോബോകോൺ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലാണ് റോബോകോൺ 2024 അന്താരാഷ്ട്ര റോബോട്ടിക് ഡിസൈൻ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ചൈന, യുഎസ്എ, തായ്ലന്ഡ്, ഈജിപ്ത്, സിംഗപ്പൂർ, സൗത്ത് കൊറിയ തുടങ്ങിയ എട്ട് രാജ്യങ്ങളിലെ 48 വിദ്യാർഥികൾ വിവിധ ടീമുകളായാണ് പങ്കെടുത്തത്. തെങ്ങ് കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റോബോകളെ നിർമിക്കുകയെന്നതായിരുന്നു വിഷയം.
കഴിഞ്ഞ അഞ്ചിനാണ് മത്സരം ആരംഭിച്ചത്. ടോക്കിയോയിൽനിന്നുള്ള ഡെയ്കി കൊമാബ, ഈജിപ്തിലെ മുഹമ്മദ് അഹമ്മദ് സലാമ, അമൃത വിശ്വവിദ്യാപീഠത്തിലെ ജെ തനുഷ്, എസ് ടീന, സിഎച്ച്എസ്എസ് അനീഷ് എന്നിവരടങ്ങുന്ന ടീം പർപ്പിൾ ഒന്നാമതെത്തി. ജപ്പാനിൽനിന്ന് അമേരിക്കയിൽനിന്നുമുള്ള വിദ്യാർഥികളടങ്ങിയ ടീം ഗ്രീൻ രണ്ടാം സ്ഥാനത്തെത്തി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്ജിനിയറിങ് വിഭാഗത്തിന്റെയും അമൃത ഹട്ട് ലാബ്സിന്റെയും നേതൃത്വത്തിലായിരുന്നു മത്സരങ്ങൾ.
സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ ബി ഹെബ്ബാർ വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. ഐസിഎആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് റെജി ജേക്കബ് തോമസ്, പാരച്യൂട്ട് കൽപ്പവൃക്ഷ ഫൗണ്ടേഷൻ മാനേജർ ജി എസ് അരവിന്ദ്, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മസാക്കി യാമാകിത, അമൃത വിശ്വവിദ്യാപീഠം സിഐആർ ഡയറക്ടർ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, ഡോ. ബാലകൃഷ്ണൻ ശങ്കർ, ഡോ. എസ് എൻ ജ്യോതി, ബ്രഹ്മചാരി ചിദാനന്ദാമൃത ചൈതന്യ, ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, കെ എം ശക്തിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.