ന്യൂഡൽഹി> സാമ്പത്തിക വളർച്ചയിൽ സ്ഥിരത കൈവരിക്കാൻ ആറ് വർഷത്തിനകം രാജ്യത്ത് 14 കോടിയിൽപരം തൊഴിലവസരം സൃഷ്ടിക്കപ്പെടണമെന്ന് ഐഎംഎഫ് ഒന്നാം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീത ഗോപിനാഥ്. തൊഴിൽ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചയാണ് ഉണ്ടാകേണ്ടത്. 2030നകം ആറ് മുതൽ 14.8 കോടി വരെ അധിക തൊഴിൽ സൃഷ്ടിക്കപ്പെടണം. ഏതാനും മേഖലയിൽ മാത്രം ശ്രദ്ധ പതിപ്പിക്കാതെ എല്ലാ മേഖലയിലും വിശാലാടിസ്ഥാനത്തിൽ വളർച്ച ഉറപ്പാക്കണം– -ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഗീത ഗോപിനാഥ് പറഞ്ഞു.
കാർഷികമേഖലയിൽ ഉൽപാദനക്ഷമത വർധിപ്പിക്കണം. ഭൂപരിഷ്കരണത്തിനും വളർച്ചയിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയും. നിർമിത ബുദ്ധിയുടെ കടന്നുവരവ് ഗുണദോഷ സമ്മിശ്രമാണ്. ഐടി, പൊതുധനകാര്യം തുടങ്ങി ചില മേഖലകളിൽ ഇത് നേട്ടമാകും. കോൾസെന്റർ മേഖലയിൽ തിരിച്ചടിയാകും. ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവരികയാണ്. ഈ പ്രവണത തുടരാനാണ് സാധ്യത. സാമ്പത്തിക പ്രവർത്തനങ്ങളെ ഇത് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവില ഉയർത്തും. പല രാജ്യങ്ങളിലും ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കുന്നത് നയരൂപീകരണ മേഖലയിൽ അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അവർ പറഞ്ഞു.