ലണ്ടൻ: വിനേഷ് ഫോഗട്ടിന് ഉജ്ജ്വല സ്വീകരണം നൽകി രാജ്യം. ശനിയാഴ്ചയാണ് താരം പാരീസിൽ നിന്ന് ഡൽഹിയിൽ എത്തിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ വിനേഷിനെ ഹർഷാരവങ്ങളോടെയാണ് രാജ്യം സ്വീകരിച്ചത്. ഒളിംപിക്സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്ര നേട്ടത്തിനു അരികിൽ നിൽക്കെ വിനേഷിനെ അയോഗ്യയാക്കിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് താരം മടങ്ങിയെത്തിയത്.
വലിയ സുരക്ഷയാണ് ഡൽഹിയിൽ താരം വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയത്. ആരാധകർ മാലയിട്ടും തോളിലേറ്റിയും വിനേഷിനെ സ്വീകരിച്ചു. ഒരുവേള വിനേഷ് വികാരാധീനയായി. ബ്രിജ്ഭൂഷനെതിരായ സമരത്തിൽ ഒപ്പമുണ്ടായിരുന്ന ബജ്റംഗ് പുനിയയും സാക്ഷി മാലികും വിനേഷിനൊപ്പമുണ്ടായിരുന്നു.”രാജ്യത്തിനു നന്ദി. താൻ ഭാഗ്യവതിയായ താരമാണ്. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും എന്നും ഞാൻ കടപ്പെട്ടിരിക്കും. എല്ലാവർക്കും നന്ദി”. സ്വീകരണം ഏറ്റുവാങ്ങി വിനേഷ് പറഞ്ഞു.
വിനേഷിന് ഗംഭീര വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് സ്വന്തം സ്ംസ്ഥാനമായ ഹരിയാനയും. നേരത്തെ വിനേഷിന് സംസ്ഥാന തലസ്ഥാനം മുതൽ ജന്മനാട് വരെ ഗംഭീര സ്വീകരണം നൽകുമെന്നും ഒളിമ്പിക്‌സ് മെഡൽ ജേതാവിനുള്ള എല്ലാ പരിഗണനയും നൽകുമെന്നും ഹരിയാന സർക്കാർ വ്യക്തമാക്കിയിരുന്നു. കൊടിതോരണങ്ങളും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ മധുരപലഹാരങ്ങൾ നൽകിയും വിനേഷിനെ സ്വീകരിക്കാനൊരുങ്ങുകയാണ് ജന്മഗ്രാമമായ ഹരിയാനയിലെ ബലാലയും.
50 കിലോ ഗ്രാം വിഭാഗത്തിൽ ഫൈനലിലേക്ക് മുന്നേറിയ താരം സ്വർണം, വെള്ളി മെഡലുകൾ ഉറപ്പിച്ചിരുന്നു. എന്നാൽ ഭാരക്കുറവിന്റെ പേരിൽ അയോഗ്യയാക്കി. പിന്നാലെ വെള്ളി മെഡലിനു അർഹതയുണ്ടെന്നു അവകാശപ്പെട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.പാരിസിലെ ഇന്ത്യൻ ടീമിന്റെ നായകനായ ഗഗൻ നാരംഗും വിനേഷിനൊപ്പം പാരിസിൽ നിന്നുള്ള വിമാനത്തിലുണ്ടായിരുന്നു. ചാമ്പ്യനായ വിനേഷ് നാട്ടിലേക്ക് തിരിച്ചെത്തുന്നു എന്ന കുറിപ്പോടെ നാരംഗ് വിനേഷിനൊപ്പമുള്ള ചിത്രം എക്സിൽ പങ്കിട്ടു. ‘ഒളിംപിക്സ് ഗ്രാമത്തിലേക്ക് അവർ വന്നത് ചാമ്പ്യനായാണ്. ഇപ്പോഴും നമ്മുടെ ചാമ്പ്യനാണ് അവൾ. കോടിക്കണക്കിനു പേരെ പ്രചോദിപ്പിക്കാൻ ഒരു മെഡലും ആവശ്യമില്ല. നിങ്ങളുടെ മനോധൈര്യത്തിനു ബിഗ് സല്യൂട്ട്’.- നാരംഗ് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, പാരീസ് ഒളിമ്പിക്‌സിന് പിന്നാലെ നടത്തിയ വിരമിക്കൽ തീരുമാനം വിനേഷ് മാറ്റിയേക്കുമെന്നും സൂചന.ദൗർഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും 2032 വരെ ഗുസ്തിയിൽ തുടർന്നേക്കുമെന്നും താരം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
Read More
- ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ആ ചിത്രങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു: വിനേഷ് ഫോഗട്ട്
- ഇന്ത്യക്ക് നിരാശ:വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി
- മോണി മോർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകൻ
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം