കൽപ്പറ്റ
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത് ഒരുതവണ മാത്രമെന്ന് വിദഗ്ധ സംഘത്തിന്റെ നിഗമനം. വെള്ളവും മണ്ണും മരങ്ങളും കുത്തിയൊലിച്ച് അണക്കെട്ടുകൾ (ഡാമുകൾ)പോലെ രൂപപ്പെട്ടു. അത് പലതവണ പൊട്ടിയതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം ചെയർമാൻ ജോൺ മത്തായി പറഞ്ഞു.
അഞ്ചംഗസംഘം പരിശോധന പൂർത്തിയാക്കി വെള്ളിയാഴ്ച മടങ്ങി. അടുത്ത ആഴ്ച അവസാനത്തോടെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അതിനുമുമ്പ് ഒരുതവണകൂടി ദുരന്തസ്ഥലത്ത് എത്തിയേക്കും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിരമിച്ച ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നുദിവസം മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരൽമല ഭാഗങ്ങൾ പരിശോധിച്ചു. മണ്ണിന്റെയും പാറകളുടെയും സാമ്പിൾ ശേഖരിച്ചു.
ഉരുൾപൊട്ടലിൽ 30 മീറ്ററോളം ഉയരത്തിൽ വെള്ളം കുത്തിയൊലിച്ചതായാണ് വിലയിരുത്തൽ. വനമേഖലയിലാണ് ഉരുൾപൊട്ടിയത്. വൻമരങ്ങൾ കടപുഴകി ഒഴുകിയെത്തി. ഈ മരങ്ങളും പാറയും പുഴയുടെ വീതികുറഞ്ഞ ഭാഗങ്ങളിൽ അടിഞ്ഞ് വെള്ളമുയർന്ന് അണക്കെട്ടുകൾപോലെ രൂപപ്പെട്ടു. രണ്ടോ, മൂന്നോ അണക്കെട്ടുകളുണ്ടായി ശക്തിയോടെ പൊട്ടിയൊഴുകി. ഇതാണ് പലതവണയുള്ള ഉരുൾപൊട്ടലായി പ്രദേശവാസികൾ പറയുന്നത്. ഏഴ്–-എട്ട് കിലോമീറ്റർവരെ മണ്ണും മരങ്ങളും കല്ലും കുത്തിയൊലിച്ചു. പ്രഭവകേന്ദ്രത്തിൽ ഒരുതവണയേ മണ്ണിടിച്ചിലുണ്ടായിട്ടുള്ളൂവെന്ന് ഡോ. ജോൺ മത്തായി ‘ദേശാഭിമാനി’യോട് പറഞ്ഞു.
അതിശക്തമഴയാണ് ഉരുൾപൊട്ടലിന് പ്രധാന കാരണം. രണ്ടുദിവസം 570 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്തു. ചെറുപ്രദേശത്ത് പരിധിയിലധികം വെള്ളം വന്നുചേരുമ്പോൾ അത് കല്ലും മണ്ണും ഉൾപ്പെടെ താഴോട്ട് തള്ളും. പുഴയുടെ അടിഭാഗത്ത് നേരത്തേയുണ്ടായിരുന്ന വൻ കല്ലുകൾ ഉൾപ്പെടെ താഴോട്ട് ഒഴുകി. വെള്ളം കെട്ടിനിന്ന് ഓരോ സ്ഥലത്തുനിന്നും ഒഴുകുന്ന പ്രതിഭാസമാണ് കണ്ടത്. ദുരന്തമേഖലയിൽ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളുണ്ട്. ഇത് ഏതെല്ലാമാണെന്നും സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കും.
തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയില്ല
ദുരന്തമേഖലയിലെ തിരച്ചിൽ 18 ദിനം പിന്നിട്ടു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഹൈസ്കൂൾ റോഡ്, വില്ലേജ് ഓഫീസ് റോഡ്, സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴ്ന്നപ്രദേശം എന്നിങ്ങനെ ആറുമേഖലകളായിരുന്നു വെള്ളിയാഴ്ചത്തെ തിരച്ചിൽ. മൃതദേഹങ്ങളോ, ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, വനം സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. വിവിധ സേനാവിഭാഗങ്ങളിൽനിന്നായി 159 പേരും സന്നദ്ധപ്രവർത്തകരായെത്തിയ 198പേരും തിരച്ചിലിന്റെ ഭാഗമായി. രണ്ട് ഷിഫ്റ്റുകളിലായി 404 പൊലീസുകാരുമുണ്ടായിരുന്നു.
231 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ചൂരൽമലയിൽനിന്ന് 151 മൃതദേഹവും 39 ശരീരഭാഗവും നിലമ്പൂരിൽനിന്ന് 80 മൃതദേഹവും 173 ശരീരഭാഗവും ലഭിച്ചു. ചൊവ്വാഴ്ച നിലമ്പൂർ മേഖലയിൽനിന്ന് ലഭിച്ച ശരീരഭാഗം വെള്ളിയാഴ്ച പുത്തുമലയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ശനിയാഴ്ചയും തിരച്ചിൽ തുടരും.
നിലമ്പൂർ മേഖലയിൽ മുണ്ടേരി ഫാം–- പരപ്പൻപാറ, പനങ്കയം–- പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ–- ചാലിയാർ മുക്ക്, ഇരുട്ടുകുത്തി–- കുമ്പളപ്പാറ, കുമ്പളപ്പാറ–- പരപ്പൻപാറ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി.