ന്യൂഡല്ഹി: പത്ത് വർഷത്തിന് ശേഷം പ്രതിപക്ഷ നേതാവ് ചെങ്കോട്ടയില് സ്വാതന്ത്ര്യ ദിനാഘോഷത്തില് പങ്കെടുത്തു. മലയാളി ഹോക്കി താരം പി.ആര്. ശ്രീജേഷ്, മനു ഭാക്കര്, സരബ്ജോദ് സിങ് തുടങ്ങി ഒളിമ്പിക്സ് മെഡല് ജേതാക്കള്ക്കൊപ്പം രണ്ടാം നിരയിലായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം. ഹോക്കി ടീം അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാക്കൾക്ക് ഒന്നാം നിരയിൽ സീറ്റ് അനുവദിക്കുന്നതാണ് പതിവ്. മന്ത്രിമാരായ നിർമ്മല സീതാരാമൻ, ശിവരാജ് ചൌഹാൻ, അമിത് ഷാ, എസ് ജയ്ശങ്കർ എന്നിവർക്ക് ഒന്നാം നിരയിലായുന്നു. ഇവരുടേതിന് തുല്യമായി കാബിനറ്റ് റാങ്ക് ഉള്ളതാണ് പ്രതിപക്ഷ നേതാവിന്റെ പദവി. വാജ്പേയി മന്ത്രിസഭയുടെ കാലത്തും പ്രതിപക്ഷ നേതാവിന് ഒന്നാം നിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് നൂറിലേറെ സീറ്റ് ലഭിച്ചതോടെയാണ് പത്ത് വര്ഷം ഒഴിഞ്ഞിരുന്ന പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുൽ എത്തിയത്. 52 സീറ്റില്നിന്നാണ് കോണ്ഗ്രസിന് ഇത്തവണ ജനസമ്മതി മെച്ചപ്പെടുത്താനായത്. ജൂണ് 25-നാണ് രാഹുല് ഗാന്ധി പ്രതിപക്ഷനേതാവായി ചുമതലയേറ്റത്.
സ്വാതന്ത്ര്യമെന്നത് കേവലമൊരു വാക്കല്ലെന്നും ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളില് ഇഴചേര്ത്ത നമ്മുടെ ഏറ്റവും വലിയ സംരക്ഷണ കവചമാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സില് രാഹുൽ ഗാന്ധി കുറിച്ചു.