കൊച്ചി
ഹെെക്കോടതിയിൽ വിവിധ ഡിജിറ്റൽ കോടതികളുടെ ഉദ്ഘാടനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡും മുഖ്യമന്ത്രി പിണറായി വിജയനും വെള്ളിയാഴ്ച നിർവഹിക്കും. കോടതിനടപടികൾ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള മോഡൽ ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ് മാനേജ്മെന്റ് സിസ്റ്റം, കൊല്ലത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഡിജിറ്റൽ കോടതി എന്നിവയുടെയും റാം മോഹൻ പാലസ് പുനരുദ്ധാരണപദ്ധതിയുടെയും ഉദ്ഘാടനം പകൽ 3.45ന് ചീഫ് ജസ്റ്റിസ് നിർവഹിക്കും.
പട്ടികജാതി––വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബാനിങ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് (ബഡ്സ്) ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രിയും നിർവഹിക്കും.
ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, നിയമമന്ത്രി പി രാജീവ്, സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ, ഹൈക്കോടതി ജഡ്ജിമാരായ വി രാജാ വിജയരാഘവൻ, ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്, നന്ദൻ നിലേകനി തുടങ്ങിയവർ പങ്കെടുക്കും.