മുംബൈ
ദക്ഷിണാഫ്രിക്കൻ മുൻ പേസർ മോണി മോർക്കൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ബൗളിങ് പരിശീലകനാകും. പുതിയ പരിശീലകൻ ഗൗതം ഗംഭീറാണ് മോർക്കലിന്റെ പേര് നിർദേശിച്ചത്. ബിസിസിഐ അംഗീകരിക്കുകയും ചെയ്തു. ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്റ്സിൽ മോർക്കലും ഗംഭീറും രണ്ടുവർഷം ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. മുൻ ഇന്ത്യൻ പേസർ വിനയ് കുമാറായിരുന്നു പരിഗണനയിലുണ്ടായ മറ്റൊരു പേര്. പാകിസ്ഥാന്റെ ബൗളിങ് ചുമതലവഹിച്ച മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിഭാഗങ്ങളിൽനിന്ന് 544 വിക്കറ്റ് നേടിയിട്ടുണ്ട്. 2021ൽ കളി മതിയാക്കിയതുമുതൽ പരിശീലകരംഗത്തുണ്ട്.
രാഹുൽ ദ്രാവിഡിന്റെ സംഘത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് മുൻ ഇന്ത്യൻ താരം പരസ് മാബ്രെയ്ക്കുപകരമാണ് മോർക്കൽ എത്തുന്നത്. ഫീൽഡിങ് കോച്ച് ഡി ദിലീപ് സ്ഥാനത്ത് തുടരും. ഗംഭീറിന്റെ സംഘത്തിൽ അഭിഷേക് നായരും റ്യാൻ ടെൻ ദൊഷാട്ടെയും സഹപരിശീലകരായുണ്ട്.















