കീവ്
റഷ്യയുടെ 100 സൈനികരെ പിടികൂടിയെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. റഷ്യൻ അധീനതയിലുള്ള കുർസ്കിൽ നിന്നാണ് സൈനികരെ പിടികൂടിയതെന്നും ഇവിടെ ഉക്രയ്ന് ശക്തമായ മുന്നേറ്റം തുടരുകയാണെന്നും സെലൻസ്കി അവകാശപ്പെട്ടു. റഷ്യന് സൈനികവേഷത്തിലുള്ളവരെ കണ്ണുകെട്ടി വാഹനത്തില് കൊണ്ടുപോകുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. റഷ്യന്മേഖലയില് കടന്നുകയറി ആക്രമണം നടത്താന് ഉക്രയ്ന് സൈനിക പിന്തുണ നൽകിയത് ജർമനിയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. പിന്നാലെ ജർമൻ പട്ടണമായ ഗീലെൻകിർച്ചനിലെ നാറ്റോ വിമാനത്താവളം താൽകാലികമായി അടച്ചുപൂട്ടിയതായി ബെർലിനിലെ ജർമൻ സൈനിക വക്താവ് അറിയിച്ചു.
അതേസമയം, കുർസ്ക് കീഴടക്കാൻ ഉദ്ദേശമില്ലെന്നും ഇവിടെ നിന്നും ഉക്രയ്നിലേക്കുള്ള റഷ്യയുടെ മിസൈൽ ആക്രമണം തടയാനാണ് സൈനിക നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉക്രയ്ൻ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്, കുർസ്കിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മേഖലയിൽ നിന്ന് ജനങ്ങളെ പൂർണ്ണമായും ഒഴിവാക്കിയ ശേഷം ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യന് സൈനിക വക്താവ് പ്രതികരിച്ചു. ജലവിതരണ സംവിധാനം തകരാറിലായതിനാൽ കുർസ്കിന് സമീപത്തുള്ള ബുണ്ടസ്വെർ മേഖലയിലെ സൈനികരോടും ജനങ്ങളോടും ടാപ്പ് വെള്ളം കുടിക്കരുതെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
ഉക്രയ്ൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കുർക്സിന് സമീപമുള്ള ബെൽഗോറോഡ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെൽഗോറോഡിൽ ഉക്രയ്ൻ ഡ്രോൺ ആക്രമണം തുടരുന്നതായും സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാണെന്നും ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചു. മേഖലയിൽ നിന്ന് 11,000 പേരെയും അയ്യായിരത്തിലധികം കുട്ടികളെയും ക്യാമ്പുകളിലേക്ക് മാറ്റി.