പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിൽ അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വനിതാ ബോക്‌സിങ് താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജി തള്ളി. അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയാണ് വിനേഷിന്റെ അപ്പീൽ തള്ളിയത്. വിധിയ്ക്കതിരെ വിനേഷിന് അപ്പീൽ നൽകാമെന്ന് കോടതി അറിയിച്ചു. വിനേഷ് അപ്പീൽ നൽകുമെന്നാണ് വിവരം. നിയമപോരാട്ടം തുടരുമെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും വ്യക്തമാക്കി. ഗുസ്തി നിയമത്തിൽ ആഴത്തിലുള്ള പരിശോധന വേണമെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ എംപി പറഞ്ഞു.
നേരത്തെ ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു. ഒളിമ്പിക്സ് പൂർത്തിയാകും മുമ്പെ തീരുമാനം നൽകിയ അപ്പീലിലാണ് ഒളിമ്പിക്സ് പൂർത്തിയായി ദിവസങ്ങൾക്ക് ശേഷം വിധി പറയുന്നത്.നേരത്തെ ഞായറാഴ്ച വൈകീട്ട് ആറ് മണിക്കുള്ളിൽ കൂടുതൽ രേഖകൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കാൻ വിനേഷിനോടും എതിർ കക്ഷികളായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.
ഒളിമ്പിക്‌സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു. ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്‌സ് അസോസിയേഷന്റെ നടപടി.
കായിക രംഗവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ട്രിബ്യൂണലാണ് കായിക തർക്ക പരിഹാര കോടതി (സിഎഎസ്). 1984-ൽ സ്ഥാപിതമായ, കായിക കോടതി എല്ലാ കായിക സംഘടനകളിൽ നിന്നും സ്വതന്ത്രമായും, ഇന്റർനാഷണൽ കൗൺസിൽ ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിന്റെ അധികാരത്തിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്.