കൊൽക്കത്ത > ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ കൂടുതൽ വിവാദങ്ങൾ. ആശുപത്രി അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം. കൊലപാതകം നടന്നതിന്റെ സമീപത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനാണ് ക്രൈം സീനിനു സമീപം തന്നെ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ആരോപണം. വിഷയത്തിൽ ഡിഐഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചു. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂട്ടബലാത്സംഗത്തിനുള്ള സാധ്യതകളുണ്ടെന്ന് പറയുന്നുണ്ട്. ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലുള്ളവർക്ക് യുവതിയുടെ മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെമിനാർ ഹാളിനോട് ചേർന്നുള്ള നെഞ്ചുരോഗവിഭാഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. യുവതി ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതും സംശയമുയർത്തുന്നുണ്ട്.
കേസന്വേഷണം സിബിഐയ്ക്കു വിട്ട് കൊൽക്കത്ത ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ആശുപത്രി അധികൃതരുടെ നടപടികളിൽ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ് പറയുന്നു. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നും വീട്ടിൽനിന്ന് കണ്ടെടുത്ത ഷൂവിൽ രക്തക്കറ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ കണക്ട് ചെയ്ത ബ്ലൂടൂത്ത് മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.