ന്യൂഡല്‍ഹി > കേന്ദ്ര സർക്കാർ ഖനികളിൽ നിന്ന് ഈടാക്കിയ റോയൽറ്റി സംസ്ഥാനങ്ങൾക്ക് തിരികെ ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. 2005 ഏപ്രിൽ ഒന്നുമുതൽ ഈടാക്കിയ റോയൽറ്റി തിരികെ ആവശ്യപ്പെടാമെന്നാണ് വിധി. റോയൽറ്റി സംസ്ഥാനങ്ങൾക്ക് കൊടുക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളിയാണ് ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
അടുത്ത 12 വർഷം കൊണ്ടാണ് കേന്ദ്ര സർക്കാരും മൈനിങ് കമ്പനികളും സംസ്ഥാനങ്ങൾക്ക് തുക തിരിച്ചു നൽകേണ്ടത്. ഈ സമയത്തിനുള്ളിൽ തുക തിരിച്ച് കിട്ടിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് പിഴ ഈടാക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഖനികൾക്കും ക്വാറികൾക്കും ധാതുക്കളുള്ള ഭൂമികൾക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി 2024 ജൂലൈ 25 ന് ഉത്തരവിട്ടിരുന്നു. പാർലമെന്റ് പാസാക്കിയ എംഎംഡിആർ നിയമം (1957) നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നില്ലെന്ന് ആയിരുന്നു സുപ്രീംകോടതി ഉത്തരവ്. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാബെഞ്ച് 8:1 ഭൂരിപക്ഷത്തിലാണ് സംസ്ഥാനങ്ങളുടെ അധികാരം ശരിവെച്ചത്. ജസ്റ്റിസ് ബി വി നാഗരത്ന മാത്രം ഭൂരിപക്ഷവിധിയോട് വിയോജിച്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ജൂലൈ 25 ന് പുറപ്പെടുവിച്ച ഈ വിധിയെ എതിർത്തായിരുന്നു കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.