ഗുവാഹത്തി> കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിനു പിന്നാലെ വിവാദ ഉത്തരവിറക്കി അസം മെഡിക്കൽ കോളജ് അധികൃതർ. അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലാണ്(എസ്എംസിഎച്ച്) വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ നടക്കരുതെന്നും തനിച്ചാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ സന്ദർഭങ്ങളിൽ കാമ്പസിന് പുറത്തേക്ക് പോകരുതെന്നുമുള്ള ഉത്തരവിറക്കിയത്. ഇത്തരം നിർദ്ദേശങ്ങൾ സ്ത്രീകളെ അന്യായമായി ലക്ഷ്യമിടുന്നതായി ഉത്തരവിനെതിരെ വിദ്യാർഥികൾ പ്രതികരിച്ചു.
കോളേജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. മുൻകൂട്ടി വിവരം അറിയിച്ചതിന് ശേഷം മാത്രമേ അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്നും പുറത്ത് പോകാവൂ എന്നും ഉത്തരവിൽ പറയുന്നു. ഡോക്ടർമാരുടേയും വിദ്യാർഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം.
വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.