അയോധ്യ> അയോധ്യയിലെ രാമക്ഷേത്രത്തിലേക്കു പോകുന്ന വഴിയിൽ സ്ഥാപിച്ച 50 ലക്ഷം രൂപ വിലമതിക്കുന്ന 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് മോഷണം പോയത്. കരാറുകാരൻ ആഗസ്ത് ഒമ്പതിന് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് വിളക്കുകൾ മോഷണം പോയ വിവരം അറിയുന്നത്.
3800 ബാംബു ലൈറ്റുകളും,36 ഗോബോ പ്രൊജക്ടറുകളുമാണ് മോഷ്ടിക്കപ്പെട്ടത്. രാമക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് ഇവ. സ്വകാര്യ സ്ഥാപനങ്ങളായ യാഷ് എന്റർ പ്രൈസസും കൃഷ്ണ ഓട്ടോമൊബൈൽസും റാം പാതയിൽ 6,400 മുള വിളക്കുകളും ഭക്തി പാതയിൽ 96 ഗോബോ പ്രൊജക്ടർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മെയ് ഒമ്പതിന് തെരുവ് വിളക്കുകൾ മോഷ്ടിക്കപ്പെട്ട വിവരം മനസിലായെങ്കിലും ആഗസ്ത് ഒമ്പതിനാണ് കമ്പനി ഇതേക്കുറിച്ച് പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.