ന്യൂഡൽഹി
ജാമ്യം നിഷേധിക്കാൻ കോടതികൾ ഉത്സാഹം കാണിക്കരുതെന്ന് സുപ്രീംകോടതി. ‘പ്രോസിക്യൂഷൻ ഗുരുതരആരോപണം ഉന്നയിച്ചാലും നിയമപ്രകാരം ജാമ്യം അനുവദിക്കാൻ കഴിയുമോയെന്ന് കോടതികൾ പരിശോധിക്കണം. ജാമ്യം നിയമവും ജയിൽ അപവാദവുമെന്ന നിയമതത്വം യുഎപിഎ പോലെയുള്ള പ്രത്യേകനിയമങ്ങളുടെ കാര്യത്തിലും ബാധകമാണ്.’–- ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ഓർമിപ്പിച്ചു.
നിരോധിതസംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് വീടിന്റെ ഒന്നാംനില വാടകയ്ക്ക് നൽകിയ ബിഹാർസ്വദേശി ജലാലുദീൻഖാന് ജാമ്യം അനുവദിച്ചാണ് സുപ്രീംകോടതി നിരീക്ഷണം.
എഎപി നേതാവ് മനീഷ് സിസോദിയയ്ക്ക് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം നൽകിയ ഉത്തരവിലും ‘ജാമ്യം നിയമം, ജയിൽ അപവാദം’–-എന്ന നിയമതത്ത്വം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‘സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ–-ബാൽചന്ദ് അഥവാ ബാലയ്യ’ (1977) കേസിലെ വിധിയിലാണ് സുപ്രീംകോടതി ‘ജാമ്യം നിയമം, ജയിൽ അപവാദം’–-എന്ന നിയമതത്വം ആദ്യമായി ഉന്നയിച്ചത്. അടിസ്ഥാനനിയമം ജാമ്യമാണ്; ജയിൽ അല്ല’ –- എന്നാണ് ഇതിന്റെ സാരം.