ന്യൂഡൽഹി > ഓൺലൈൻ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താൻ ലക്ഷ്യമാക്കിയുള്ള ബ്രോഡ്കാസ്റ്റ് ബില്ലിന്റെ പുതിയ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ. അഭിപ്രായസ്വാതന്ത്രത്തിന് നേർക്കുള്ള കടന്നാക്രമണമാണന്നതടക്കം അതിരൂക്ഷ വിമർശനങ്ങളെ തുടർന്നാണ് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) 2024 ബിൽ പിൻവലിച്ചത്. പുതിയ കരട് ബിൽ ഒക്ടോബറിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും വിഷയത്തിൽ വിപുലമായ ചർച്ച നടക്കുകയാണെന്നും വാർത്താപ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ശുപാർശകൾ ഒക്ടോബർ 15 വരെ അറിയിക്കാം. ബില്ലിന്റെ പകർപ്പ് തിരികെ നൽകാനും അത് ലഭിച്ചവരോട് മന്ത്രാലയം ആവശ്യപ്പെട്ടു.
1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരമായിട്ടായിരുന്നു ബിൽ നീക്കം. ആദ്യകരടിൽ ഉണ്ടാകാതിരുന്ന കർശന വ്യവസ്ഥകൾ അടങ്ങിയ രണ്ടാം കരട് ബിൽ മുഖ്യധാര മാധ്യമങ്ങളെ വിലക്കെടുത്ത ബിജെപിക്കെതിരെ ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിപ്പ് പോരാടുന്ന ഓൺലൈൻ മാധ്യമങ്ങളെയും ഇൻസ്ഫ്ലുവൻസർമാരെയും വേട്ടയാടാനാണെന്ന ആക്ഷേപം ശക്തമായിരുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, എക്സ് , ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവരെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് എന്ന് നിർവചിച്ചാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. മറ്റ് കണ്ടന്റ് ചെയ്യുന്നവരെ ഒടിടി ബ്രോഡ്കാസ്റ്റിംഗ് സേവന ദാതാക്കളായും കാണും.
നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാനാവില്ല. ഇതിനായി ത്രിതല സംവിധാനം, പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ് നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം, എന്നിവയായിരുന്നു വിവാദ വ്യവസ്ഥകൾ. ബോംബെ, മദ്രാസ് ഹൈക്കോടതികൾ സ്റ്റേ ചെയ്ത കുപ്രസിദ്ധമായ 2021ലെ ഐടി നിയമത്തിലെ “കോഡ് ഓഫ് എത്തിക്സ്” ഭാഗത്തിന് നിയമപരമായ സാധൂകരണം നൽകാനും കരട് ബില്ലിൽ ലക്ഷ്യമിട്ടിരുന്നു.