ധാക്ക> മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകകുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ഹസീനക്കുനേരെ അന്വേഷണം പുറപ്പെടുവിച്ചത്. ഹസീനയ്ക്ക് പുറമെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അമീർ ഹംസയെന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധാക്ക മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൾ ഖ്വാദർ, നാല് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് ആറുപേർ.
സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതിനു പിന്നാലെയാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലെത്തിയിരുന്നു. വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് രാജിവെക്കുകയായിരുന്നു ഹസീന.