കൊല്ക്കത്ത> ആർജി കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ ബംഗാൾ സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കൊല്ക്കത്ത ഹൈക്കോടതി. സംഭവത്തിന് പിന്നാലെ രാജിവെച്ച കോളജ് പ്രിന്സിപ്പലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഇന്ന് വൈകുനേരത്തിനുള്ളിൽ പ്രിന്സിപ്പലിനെ പുറത്താക്കുകയോ അല്ലെങ്കിൽ അവധി നല്കുകയോ വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കൊലപാതകത്തില് ഇതുവരെയുള്ള അന്വേഷണത്തിന്റെ കേസ് ഡയറി ഉച്ചയ്ക്ക് മുമ്പായി ഹാജരാക്കാനും പശ്ചിമ ബംഗാള് സര്ക്കാരിനോട് കൊല്ക്കത്ത ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഡോക്ടർ മരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു മെഡിക്കല് കോളജ് പ്രിന്സിപ്പല് സന്ദീപ് ഘോഷ് ബംഗാള് സര്ക്കാരിന് രാജിക്കത്ത് നല്കിയത്. എന്നാല് രാജിവെച്ച് മണിക്കൂറുകള്ക്കകം അദ്ദേഹത്തെ കല്ക്കത്ത നാഷണല് മെഡിക്കല് കോളജ് പ്രിന്സിപ്പല് ആയി സര്ക്കാര് നിയമിച്ചു.
ഡോക്ടറുടെ കൊലപാതകത്തില് കോടതി മേല്നോട്ടത്തില് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. ഒരു സംഭവത്തിന്റെ ധാര്മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച പ്രിന്സിപ്പലിനെ എങ്ങനെ മറ്റൊരു കോളജില് നിയമിക്കുമെന്ന് ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചോദിച്ചു. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും ഹര്ജികളെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്ടറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 31കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.