ന്യൂഡൽഹി
പഞ്ചാബ്–- ഹരിയാന അതിർത്തിയിൽ പ്രക്ഷോഭത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഹരിയാന സർക്കാർ നൽകിയ അപേക്ഷ തള്ളി സുപ്രീംകോടതി. പഞ്ചാബ്–- ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പൊലീസിന്റെ മനോവീര്യത്തെ ബാധിക്കുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ വാദിച്ചെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളി. സമിതി റിപ്പോർട്ട് പുറത്തുവന്നശേഷം കൂടുതൽ ഇടപെടൽ വേണോയെന്ന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയോ എന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കട്ടെയെന്നും നിരീക്ഷിച്ചു. മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് യുവകർഷകൻ ശുഭ്കരൺസിങ് മരിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
ശംഭു അതിർത്തി
തുറക്കാൻ ചർച്ച വേണം
പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലെ ശംഭു അതിർത്തി ഭാഗികമായെങ്കിലും തുറക്കുന്നതിൽ പ്രായോഗികമായ ഇടപെടൽ നടത്താൻ സുപ്രീംകോടതി ഇരുസംസ്ഥാനങ്ങൾക്കും നിർദേശം നൽകി. ആംബുലൻസുകൾക്കും അവശ്യസർവീസുകൾക്കും മറ്റും അതിർത്തി തുറന്നുകൊടുക്കുന്ന വിഷയത്തിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ ഡിജിപിമാർ ചർച്ച നടത്തി തീരുമാനമെടുക്കണം.