തൊടുപുഴ > തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുസ്ലീം ലീഗ് പിന്തുണയോടെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നിൽ കോണ്ഗ്രസ്–ലീഗ് സംഘര്ഷം. പരസ്പരം ആരോപണം ഉന്നയിച്ച് യുഡിഎഫ് കൗണ്സിലര്മാര് തമ്മില് ഉന്തും തള്ളുമായി.
ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഭിന്നത നേരത്തെ പുറത്ത് വന്നിരുന്നു. കോണ്ഗ്രസ്സും ലീഗും പ്രത്യേകം സ്ഥാനാര്ഥികളെ നിര്ത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 14 വോട്ട് നേടി. കോൺഗ്രസിലെ കെ ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ പുറത്തായ ലീഗ് അവസാന റൗണ്ടിൽ എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു. അഞ്ച് ലീഗ് കൗൺസിലർമാർ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണ നൽകിയിരുന്നത്. നഗരത്തിലെ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അസിസ്റ്റന്റ് എൻജിനിയർ ഒരു ലക്ഷംരൂപ കൈക്കൂലി വാങ്ങിയ കേസിൽ പ്രേരണ കുറ്റത്തിന് വിജിലൻസ് രണ്ടാം പ്രതിയാക്കിയതോടെ എൽഡിഎഫ് ചെയർമാനുള്ള പിന്തുണ പിൻവലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നൽകി. പിന്നാലെ സനീഷ് ജോർജ് രാജിവയ്ക്കുകയായിരുന്നു.