താനൂർ
പരന്ന വായനക്കാരൻ. കഥയും കവിതയും നോവലും തുടങ്ങി എല്ലാം വായിച്ച് കൃത്യമായി അഭിപ്രായം പറയും. എഴുത്തും വായനയും ജീവിതചര്യയാക്കിയ മുൻ മന്ത്രി കെ കുട്ടി അഹമ്മദ്കുട്ടി മുസ്ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. 1953 ജനുവരി 15നാണ് ജനനം. ബിഎസ്സി ബിരുദദാരിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെത്തുന്നത്. പി സീതി ഹാജിയുടെ പിൻമുറക്കാരനായി താനൂരിൽനിന്നാണ് നിയമസഭയിലെത്തിയത്. 1996ൽ തിരൂരങ്ങാടിയിലേക്ക് കളംമാറി. 2001ൽ വീണ്ടും എംഎൽഎയായി. 2004ൽ ഉമ്മൻചാണ്ടി സർക്കാരിൽ തദ്ദേശഭരണ മന്ത്രിയായി. മന്ത്രിയായിരിക്കെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലും പ്രവർത്തിച്ചു.
മുസ്ലിംലീഗിന്റെ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും എൻആർസി പ്രതിഷേധത്തിലും ലീഗ് നിലപാട് വ്യക്തമാക്കിയിരുന്നത് കുട്ടി അഹമ്മദ്കുട്ടിയായിരുന്നു. ആ സമയങ്ങളിൽ ആനുകാലികങ്ങളിലൂടെ ലേഖനങ്ങൾ എഴുതിയും സജീവമായി. ആഗോളവൽക്കരണത്തിനും സ്വകാര്യവല്ക്കരണത്തിനുമെതിരെ ദേശാഭിമാനിയിൽ വന്നിരുന്ന ഫീച്ചറുകൾതന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും തനിക്കും ഇതേ നിലപാടാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജനാധിപത്യധ്വംസനത്തിനെതിരെ ദേശാഭിമാനി പത്രത്തിൽ വരുന്ന എഡിറ്റോറിയലുകളും ലേഖനങ്ങളും കോപ്പിയെടുത്ത് നിരന്തര വായന നടത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിച്ചതിന് 2018ൽ വരം പുരസ്കാരം ലഭിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.