മട്ടാഞ്ചേരി
മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ് പിന്നിട്ട കിത്ത് ഹലേഗ്വയാണ് ഇനി ഇവിടെയുള്ളത്. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ. പരേതനായ സാമുവൽ ഹലേഗ്വ ഭർത്താവാണ്. 2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറായിരുന്നു. 2012 മുതൽ -2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റിയുമായിരുന്നു. മക്കൾ: ഫിയോന അലൻ, ഡോ. ഡേവിഡ് (ഇരുവരും അമേരിക്കയിൽ). മരുമക്കൾ: അലൻ (ഇൻഷുറൻസ്, യുഎസ്എ), സീസീ (ചാർട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക).
മട്ടാഞ്ചേരിയിൽ ഇനി കിത്ത് മാത്രം
മട്ടാഞ്ചേരിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ്വ വിടപറഞ്ഞതോടെ ഇവിടെ ഇനിയുള്ളത് ഒരു ജൂതവംശജൻമാത്രം; ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 പിന്നിട്ട കിത്ത് ഹലേഗ്വ. ജൂതപള്ളിക്കുസമീപം പൈതൃക കെട്ടിടത്തിലാണ് ഇദ്ദേഹമുള്ളത്. കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ് കോഡർ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ് ക്വീനി ഹലേഗ്വ. ഇവരുടെ ഭർത്താവ് സാമുവൽ ഹലേഗ്വ നേരത്തേ മരിച്ചു. ഫോർട്ട്കൊച്ചിയിലെ കോഡർ ഹൗസിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിടം ഇപ്പോൾ ഹോട്ടലാണ്.
അഞ്ചുപതിറ്റാണ്ടുമുമ്പ് ഇസ്രയേലിൽനിന്ന് പലായനം ചെയ്ത ജൂതവംശജർക്ക് കൊച്ചി രാജാവ് അഭയം നൽകുകയും രാജകൊട്ടാരത്തിനുസമീപം ആരാധനയ്ക്കായി പള്ളി പണിയാനും താമസത്തിനും കച്ചവടാവശ്യങ്ങൾക്കുമായി ഒരു പ്രദേശം നൽകുകയും ചെയ്തതോടെയാണ് കൊച്ചിയിൽ ജൂതത്തെരുവും ജൂതനഗരിയുമുണ്ടായത്. വ്യാപാര വാണിജ്യ മേഖലകളിൽ പ്രവർത്തിച്ച ജൂതർ കൊച്ചിയിൽ വൈദ്യുതിവിതരണ ശൃംഖലവരെ നടത്തിയിരുന്നു. 1948ൽ ഇസ്രയേൽ സ്വതന്ത്രമായതോടെ ജൂതസമൂഹം അവിടേക്ക് മടങ്ങിത്തുടങ്ങി. 1950കളിൽ കൊച്ചിയിൽനിന്ന് രണ്ടായിരത്തിലേറെ ജൂതർ മടങ്ങി. ഘട്ടംഘട്ടമായി പലരും ഇസ്രയേൽ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോയതോടെ കൊച്ചിയിൽ ജൂതരുടെ എണ്ണം കുറഞ്ഞു. ജൂതവിശ്വാസപ്രകാരം പള്ളിയിലെ ആഴ്ചതോറുമുള്ള പ്രാർഥനയ്ക്ക് 10 പുരുഷന്മാർ വേണമെന്നിരിക്കെ സബാത്ത് പ്രാർഥനയും നടത്തിയിരുന്നില്ല. 2019 ആഗസ്തിൽ ജൂതമുത്തശ്ശി സാറാ കോഹൻ (97) മരിച്ചതോടെ കൊച്ചിയിൽ ക്വീനിയും കിത്തും മാത്രമായി.
നിലവിൽ സംസ്ഥാനത്ത് എറണാകുളം, മാള, പറവൂർ, കോട്ടയം എന്നിവിടങ്ങളിലായി 20 ജൂതന്മാരാണുള്ളത്. ജൂതവിശ്വാസപ്രകാരമാണ് ക്വീനിയുടെ കബറടക്കച്ചടങ്ങുകൾ നടന്നത്. ജൂതകാരണവരായ സാം എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിയിലെ ജൂതശ്മശാനത്തിൽ അഞ്ഞൂറിലേറെ ശവക്കല്ലറകളുണ്ടെന്നാണ് പറയുന്നത്.