കൊൽക്കത്ത> സർക്കാർ ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ കഴുത്തിൽ ഒടിവും പല ഭാഗങ്ങളിലും രക്തസ്രാവമുണ്ടായതായും കണ്ടെത്തി. സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടായതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമ ബംഗാളിലെ ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിക് വളന്റിയറായ സൻജയ് റോയിയെ അറസ്റ്റുചെയ്തു.
“അവരുടെ കണ്ണിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവമുണ്ടായിട്ടുണ്ട്. മുഖത്തും നഖത്തിലും വയറിലും കഴുത്തിലും ഇടതു കാലിലും വലതു കൈയിലും മോതിരവിരലിലും ചുണ്ടുകളിലുമെല്ലാം മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്ത് പൊട്ടിയ നിലയിലും കണ്ടെത്തി. കഴുത്ത് ഞെരിച്ചതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കുറ്റകൃത്യം നടന്നത്. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഇവിടേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ കണക്ട് ചെയ്ത ബ്ലൂടൂത്ത് മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ വ്യാപകപ്രതിഷേധം ഉയരുകയാണ്.