കൊല്ലം
റിട്ട. ബിഎസ്എൻഎൽ അസിസ്റ്റന്റ് ജനറൽ മാനേജർ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യംചെയ്തു തുടങ്ങി. കേസിലെ മൂന്നാം പ്രതിയായ സ്വകാര്യ ബാങ്കിലെ വനിതാ മാനേജരെ കമീഷണർ വിവേക് കുമാർ ശനി രാത്രി നേരിട്ട് ചോദ്യംചെയ്യുകയായിരുന്നു. പ്രതികളെ വെള്ളി രാത്രി കസ്റ്റഡിയിൽ ലഭിച്ചെങ്കിലും സിറ്റി പൊലീസിന്റെ ക്രൈം അവലോകന യോഗം നടന്നതിനാൽ ഉച്ചകഴിഞ്ഞായിരുന്നു ചോദ്യംചെയ്യൽ. പ്രതികൾ തമ്മിൽ ആശയവിനിമയം നടത്താതിരിക്കാൻ വിവിധ സ്റ്റേഷനുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
സരിതയെ കൊല്ലം വനിതാ സെല്ലിലും അനിമോനെ കൊല്ലം വെസ്റ്റ് സ്റ്റേഷനിലും മാഹീനെ ശക്തികുളങ്ങര സ്റ്റേഷനിലും അനൂപ്, ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. സരിത ഒഴികെയുള്ള പ്രതികളിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും മൊഴിയായി രേഖപ്പെടുത്തിയില്ല. രാത്രി സരിതയെ ചോദ്യംചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ഞായറാഴ്ച മറ്റു പ്രതികളെ ചോദ്യംചെയ്യും. ചോദ്യംചെയ്യൽ പരാമവധി പൂർത്തിയാക്കിയ ശേഷം മാത്രേമേ തെളിവെടുപ്പ് നടത്തുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾക്ക് ഒരേ അഭിഭാഷകൻ
കൊല്ലം
അനിമോനും മാഹിനും ഹാഷിഫിനും ഒരേ അഭിഭാഷകനാണ് ഹാജരാകുക സരിതയ്ക്കും അനൂപിനും വെവ്വേറെ അഭിഭാഷകരും. വ്യാഴാഴ്ച രാത്രി റിമാൻഡ് ചെയ്ത പ്രതികളെ അഭിഭാഷകർ വെള്ളിയാഴ്ച ജയിലുകളിൽ സന്ദർശിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതികൾ ആദ്യം പറയുന്നതെല്ലാം അഭിഭാഷകർ പറഞ്ഞു പഠിപ്പിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷകസംഘം. അതുകൊണ്ട് മൊഴികൾ താരതമ്യപ്പെടുത്തി പൊരുത്തക്കേടുകൾ കണ്ടെത്തും. കിട്ടുന്ന തെളിവുകൾ അടിസ്ഥാനമാക്കി വീണ്ടും ചോദ്യംചെയ്തു കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് ലക്ഷ്യം.