തിരുവനന്തപുരം
ലോക സിംഹദിനമായ ആഗസ്ത് 10ന്റെ ആഘോഷങ്ങളൊന്നും ഈ “സെലിബ്രിറ്റി ദമ്പതി’കൾ അറിഞ്ഞിട്ടേയില്ല. പതിവിലും അധികം സന്ദർശകരെത്തിയതും മ-ൃഗശാലയിലെ ‘രാജാ –- റാണി’ മാരായ ലിയോയെയും നൈലയെയും ബാധിച്ചില്ല. എങ്കിലും അന്താരാഷ്ട്ര സിംഹദിനം സന്ദർശകരെയും ഉൾപ്പെടുത്തി തന്നെ ആചരിക്കാനായി. സഞ്ചാരികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരവും ദിനത്തിന്റെ പ്രത്യേകതയായി. പരിപാടി ഉദ്ഘാടനംചെയ്ത മന്ത്രി ജെ ചിഞ്ചുറാണി ലിയോയെയും നെെലയെയും കാണാനെത്തി.
മന്ത്രി മടങ്ങിയതിനുപിന്നാലെ ഭക്ഷണവുമായി കീപ്പർ എത്തി. ഇതോടെ കൂടിനുചുറ്റും കാഴ്ചക്കാരേറി, മൊബൈലും കാമറയുമായുള്ള ആൾക്കൂട്ടവുമേറിയപ്പോൾ ഇരുവരും ഒന്നു പതുങ്ങി. കീപ്പർ ശ്രീജിത്തിന്റെ “കാർത്തി’ എന്ന ഉറച്ച വിളിയിൽ മരങ്ങൾക്കിടയിലൂടെ ലിയോ ആദ്യമൊന്ന് ഒളിഞ്ഞുനോക്കി. കാഴ്ചക്കാരും ഏറ്റുവിളിച്ചതോടെ ഗർജിച്ച് ലിയോ കരുത്തുകാട്ടി. ഒപ്പം നൈലയും പുറത്തേക്കെത്തി. “പേരു മാറ്റിയെങ്കിലും കാർത്തി, കൃതിക എന്ന പഴയപേര് വിളിച്ചാലേ രണ്ടാളും പ്രതികരിക്കൂ. ഭക്ഷണ വണ്ടിയുടെ ഹോൺ കേൾക്കുമ്പോൾ ആഹാരം കഴിക്കാനായി വേഗമെത്താറുണ്ട്’– കീപ്പർ ശ്രീജിത് പറയുന്നു.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് 2023 ജൂണിലാണ് ലിയോയെയും നൈലയെയും എത്തിച്ചത്. ഇവരെ കൂടാതെ ഒമ്പത് വയസ്സുള്ള ഗ്രേസിയുമുണ്ട് മൃഗശാലയിൽ.
മൂന്നുപേരെയും ഒരുമിച്ച് ഇ ടാൻ കഴിയാത്തതിനാൽ പ്രത്യേ ക കൂട്ടിലാണ് ഗ്രേസി. മൃഗശാലയിലെ ആയുഷ് – ഐശ്വര്യ ദമ്പതികളുടെ മകളാണ് ഗ്രേസി. 2017ൽ ഐശ്വര്യയും കഴിഞ്ഞ സെപ്തംബറിൽ ആയുഷും ചത്തു. സിംഹദിനത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ ശരിയുത്തരം പറഞ്ഞ 57 പേർക്ക് നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകി. സിംഹങ്ങളുടെ സംരക്ഷണവും പ്രാധാന്യവും കണക്കിലെടുത്താണ് ക്വിസ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
മൃഗശാല ഡയറക്ടർ മഞ്ജുള ദേവി, സൂപ്രണ്ട് രാജേഷ്, നാഷണൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി വി വിജയലക്ഷ്മി, ക്യുറേറ്റർ സംഗീത മോഹൻ എന്നിവർ പങ്കെടുത്തു.