പാരിസ്> ഗോദയിലെ കണ്ണീരാണ് അമൻ സെഹ്രാവത്ത് മായ്ച്ചത്. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയും വിടവാങ്ങലും ഉണ്ടാക്കിയ അനശ്ചിതത്വവും നിരാശയും മറികടക്കാൻ അമന്റെ വെങ്കലമെഡലിനായി. ഇന്ത്യയുടെ എക്കാലത്തേയും പ്രായംകുറഞ്ഞ വ്യക്തിഗത മെഡൽ നേട്ടക്കാരൻ എന്ന ബഹുമതി ഇരുപത്തൊന്നുകാരൻ സ്വന്തമാക്കി.
ആറംഗ ടീമിലെ ഏക പുരുഷ ഗുസ്തിതാരമായിരുന്നു. മാർച്ചിൽ നടന്ന സെലക്ഷൻ ട്രയൽസിൽ 57 കിലോ വിഭാഗത്തിൽ ടോക്യോയിലെ വെങ്കലമെഡൽ ജേതാവ് രവികുമാർ ദഹിയയെ കീഴടക്കിയാണ് പാരിസിലേക്ക് ടിക്കറ്റെടുത്തത്.
മെഡൽ നേടുമ്പോൾ പ്രായം 21 വർഷവും 24 ദിവസവും. ബാഡ്മിന്റൺ താരം പി വി സിന്ധു 2016ൽ വെള്ളി സ്വന്തമാക്കിയപ്പോൾ 21 വർഷം ഒരുമാസം 134 ദിവസമാണ് പ്രായം. ആ റെക്കോഡാണ് മറികടന്നത്.
വെങ്കലപോരാട്ടത്തിൽ തുടക്കം പതറിയെങ്കിലും തിരിച്ചുവന്ന് എതിരാളിയെ കീഴടക്കി. പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13–-5ന് മറികടന്നാണ് ഹരിയാനക്കാരൻ മെഡൽ നേടിയത്. തുടക്കത്തിൽ ക്രൂസ് ലീഡ് നേടിയെങ്കിലും ശക്തമായി തിരിച്ചുവന്ന് 3–-1ന് അമൻ കളി പിടിച്ചു. പിന്നീട് എതിരാളിക്ക് ഒരവസരവും നൽകിയില്ല.
സെമിയിൽ ജപ്പാന്റെ ലോക ഒന്നാംനമ്പർതാരം റേ ഹിഗൂച്ചിയോട് 10–-0ന് തോറ്റാണ് വെങ്കലമത്സരത്തിന് അർഹത നേടിയത്. ആദ്യമത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്ലാദിമർ എഗോറവിനെ 10–-0ന് മറികടന്ന് ക്വാർട്ടറിലെത്തി. ലോക നാലാംനമ്പർ താരം അൽബേനിയയുടെ അബാകറോവ് സലിംഖാനെ 12–-0ന് കീഴടക്കിയാണ് സെമിയിലെത്തിയത്.
ഗുസ്തിക്കാരുടെ നാടായ ഹരിയാനയിലെ ബിരോഹരിൽനിന്നുള്ള അമന്റെ ജീവിതം ദുഷ്കരമായിരുന്നു. 11–-ാംവയസ്സിൽ അച്ഛനെയും അമ്മയെയും നഷ്ടമായി. മുത്തച്ഛൻ മൻഗെറാം സെഹ്റാവത്താണ് വളർത്തിയതും ഗുസ്തിയിലേക്ക് വഴിതിരിച്ചുവിട്ടതും. ചെറുപ്പത്തിൽ ഡൽഹിയിലെ ചത്രശാൽ അക്കാദമിയിൽ ചേർന്നത് വഴിത്തിരിവായി.
പതിനഞ്ചാംവയസ്സിൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2021ൽ 18–-ാംവയസ്സിൽ ദേശീയ ചാമ്പ്യനായി. അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുപിന്നാലെ ലോകചാമ്പ്യൻഷിപ്പിലും സ്വർണം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരം. കഴിഞ്ഞവർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പും ജയിച്ചു. ഏഷ്യൻ ഗെയിംസിൽ വെങ്കലം കിട്ടി. ആറുവർഷത്തെ കളിജീവിതത്തിൽ 16 മെഡലുകൾ. ആറുസ്വർണവും മൂന്നുവെള്ളിയും ഏഴുവെങ്കലവുമുണ്ട്.
പരിശീലകരുടെ ജാഗ്രത; അമൻ രക്ഷപ്പെട്ടു
പാരിസ്
പരിശീലകരുടെ ജാഗ്രതയില്ലായിരുന്നെങ്കിൽ അമൻ സെഹ്രാവത്തിനും വിനേഷ് ഫോഗട്ടിന്റെ അവസ്ഥയുണ്ടാകുമായിരുന്നു. ശരീരഭാരം കൂടി മത്സരത്തിൽനിന്ന് അയോഗ്യനാക്കപ്പെടുമായിരുന്നു. 10 മണിക്കൂർ നീണ്ട കഠിനാധ്വാനത്തിലാണ് കൂടിയ ഭാരം കുറയ്ക്കാനായത്. 57 കിലോഗ്രാമിൽ മത്സരിച്ച അമൻ സെമിയിൽ തോറ്റശേഷം തൂക്കം നോക്കിപ്പോൾ 4.5 കിലോഗ്രാം കൂടുതൽ. അപ്പോഴത്തെ ഭാരം 61.5 കിലോഗ്രാം. പരിശീലകരായ ജഗമന്ദർ സിങ്ങും വിരേന്ദർ ദഹിയയും ഇതൊരു ദൗത്യമായി എടുത്തു. അമനെ ഉറങ്ങാൻ വിട്ടില്ല.
എല്ലാ വ്യായാമമുറകളും പരീക്ഷിച്ചു. മൂവരും ചേർന്ന് കുറേനേരം ഗുസ്തി പിടിച്ചു. ഓടുകയും ചാടുകയും ചെയ്തു. ട്രെഡ്മില്ലിൽ കുറേസമയം ചെലവിട്ടു. മസാജ് ചെയ്തു. ആവിയിൽ കുളിച്ചു. രാത്രിയിൽ കുറച്ച് ചൂടുവെള്ളവും തേനും മാത്രമാണ് കഴിച്ചത്. പുലരുംവരെ നീണ്ട പെടാപ്പാടിനുശേഷം തൂക്കം 4.6 കിലോ കുറഞ്ഞതായി കണ്ടെത്തി. ഭാരനിർണയത്തിൽ പിഴക്കാതെ മത്സരവേദിയിലേക്ക് പോകാനായി. വെങ്കലപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഭാരം 56.9 കിലോയായി കുറഞ്ഞിരുന്നു.
ഗുസ്തിയിൽ ഈ ഭാരംകുറക്കൽ രീതികൾ പതിവാണെന്നും വിനേഷിന്റെ അനുഭവം മുന്നിലുള്ളതുകൊണ്ടുള്ള സമ്മർദമുണ്ടായെന്നും പരിശീലകർ പറഞ്ഞു.
ഗുസ്തി
മെഡലുകൾ 8
കെ ഡി യാദവ് :1952 വെങ്കലം
സുശീൽകുമാർ :2008 വെങ്കലം
സുശീൽകുമാർ :2012 വെള്ളി
യോഗേശ്വർ ദത്ത് :
2012 വെങ്കലം
സാക്ഷി മാലിക് :2016 വെങ്കലം
രവികുമാർ ദഹിയ :
2021 വെങ്കലം
ബജ്റങ് പുണിയ :
2021 വെങ്കലം
അമൻ സെഹ്രാവത്ത് :
2024 വെങ്കലം