കോഴിക്കോട്
കൂടല്ലൂരിലെ ഗ്രാമവഴികൾ, അപ്പുണ്ണി, കോന്തുണ്ണി നായർ… നാലുകെട്ടിലൂടെ എം ടിയുടെ തൂലിക ആസ്വാദക മനസ്സിൽ വരച്ചിട്ട വാങ്മയരൂപങ്ങൾക്ക് ക്യാൻവാസിൽ പുനരാവിഷ്‌കാരം. മലയാളത്തിന്റെ അക്ഷര സുകൃതം എം ടിയുടെ നോവൽ നാലുകെട്ടിന്റെ ഹൃദയാവർജകമായ സന്ദർഭങ്ങളാണ് ആർട്ട്‌ഗ്യാലറിയിൽ ഒരുക്കിയ എൻ എം ജയരാജിന്റെ ചിത്രപ്രദർശനം. ‘ നാലുകെട്ട്–- നിഴലും വെളിച്ചവും’ എന്ന പ്രദർശനത്തിൽ കൂടല്ലൂരിന്റെ പശ്‌ചാത്തലത്തിൽ എംടി ഉൾക്കൊണ്ട ബാല്യകാലത്തെ അനുഭവങ്ങളെയും പരിചിതരായ മനുഷ്യരെയും ചിത്രകാരൻ വരച്ചിട്ടിരിക്കുന്നു.
യൂസൂപ്പിന്റെ പീടികയിലെ തുന്നൽ ജോലി നോക്കിനിൽക്കുന്ന അപ്പുണ്ണിയും അപ്പുണ്ണിയെ തേച്ചുകുളിപ്പിക്കുന്ന അമ്മയും പകിടയെറിയുന്ന കോന്തുണ്ണി നായരും കൊട്ടിലിലെ മുത്താച്ചിയും സന്ധ്യയ്‌ക്ക് കുട്ടികൾ നമം ജപിക്കുമ്പോൾ കോലായിൽ തൂണും ചാരി പടിഞ്ഞാറൻ മാനം നോക്കിയിരിക്കുന്ന പാറുക്കുട്ടിയും ചിത്രങ്ങളിൽ നിറയുന്നു. നാലുകെട്ടിൽ തുടങ്ങി കഥാന്ത്യം വരെ പ്രദർശനത്തിലുണ്ട്.
ചിത്രങ്ങൾ കാണുമ്പോൾ നോവൽ വായിക്കുന്ന അനൂഭൂതിയാണ്. ‘മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തിയപ്പോൾ അപ്പുണ്ണി നിന്നു. അമ്മ കയറിക്കൊള്ളു’ എന്ന കഥാസന്ദർഭമാണ് അവസാന ചിത്രം. കഥാപാത്രങ്ങളുടെ മാനസിക ചലനങ്ങളെ കൂടി ആലേഖനം ചെയ്യുന്ന ചാരുതയാർന്ന ആവിഷ്‌കാരമാണ് ഓരോന്നും.
എം ടിയോടുള്ള ആദരസൂചകമായിട്ടാണ് പ്രദർശനമൊരുക്കിയത്. എം ടിയെ കണ്ട് സ്‌കെച്ചുകൾ കാണിച്ചു. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചതോടെ ഡിസംബറിലാണ് വരയ്‌ക്ക് തുടക്കമിട്ടത്. 44 ചിത്രങ്ങളാണ് അക്രിലിക്കിലൊരുക്കിയത്. സബ് രജിസ്‌ട്രാറായി സർവീസിൽനിന്ന് വിരമിച്ച ജയരാജൻ പുരാണ നോവലിനെ ആസ്‌പദമാക്കി മ്യൂറൽ പെയിന്റിങ്ങിനൊരുങ്ങുകയാണ്.
പ്രദർശനം ആർട്ടിസ്‌റ്റ് മദനൻ ഉദ്‌ഘാടനംചെയ്‌തു.
ശ്യാം കുമാർ കക്കാട് അധ്യക്ഷനായി. പ്രൊഫ. ഷാജഹാൻ, പ്രഭാ ഭരതൻ, ലത്തീഫ് പറമ്പിൽ, എൻ എം ജയരാജൻ എന്നിവർ സംസാരിച്ചു. രാജൻ മുടക്കുഴി സ്വാഗതവും അനിത നന്ദിയും പറഞ്ഞു. 16ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..