പാരിസ് > അഫ്ഗാൻ വനിതകളെ സ്വതന്ത്രമാക്കൂ എന്ന കേപ്പ് ധരിച്ച് പ്രതിഷേധിച്ച അഭയാർത്ഥി മനിസ തലാഷിനെ (“ബി-ഗേൾ തലാഷ്”) വെള്ളിയാഴ്ച നടന്ന ആദ്യത്തെ ഒളിമ്പിക് ബ്രേക്കിങ് മത്സരത്തിൽ നിന്ന് അയോഗ്യയാക്കി. സർദ്ജോയ്ക്കെതിരായ പ്രീ ക്വാളിഫയർ പോരാട്ടത്തിനിടെയാണ് മനിസ പ്രതിഷേധമായി ‘ഫ്രീ അഫ്ഗാൻ വിമെൻ’ എന്ന കേപ്പുമായെത്തിയത്.
ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് ഇനത്തിൽ മൽസരിക്കാനെത്തിയ അഫ്ഗാനിസ്ഥാന് താരവും നിലവില് ഒളിംപിക്സ് അഭയാര്ഥി ടീമില് കളിക്കുന്ന ബ്രെയ്ക്ക് ഡാന്സറുമായ മനിസ തലാഷാണ് പ്രതിഷേധ ബാനറുയര്ത്തി മത്സരിക്കാനെത്തിയത്. എന്നാല് ഇത്തരം രാഷ്ട്രീയ മുദ്രാവാക്യങ്ങള് ഒരു കായിക പോരാട്ട വേദിയില് ഉയര്ത്തുന്നത് വിലക്കിയിട്ടുണ്ട്. ഒളിംപിക് നിയമം ലംഘിച്ചതിനാണ് താരത്തെ അയോഗ്യയാക്കിയത്. താരത്തിന്റെ അയോഗ്യത ഡാന്സ് സ്പോര്ട് ഫെഡറേഷനും സ്ഥിരീകരിച്ചു.
21കാരിയായ മനിസ നിലവില് സ്പെയിനിലാണ് താമസം. ഇത്തവണ മനിസയുൾപ്പെടെ 37 അഭയാര്ഥി താരങ്ങളാണ് ഒളിംപിക്സില് മത്സരിച്ചത്.