കൽപ്പറ്റ> ചൂരൽമല– മുണ്ടക്കൈ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തകർക്കൊപ്പം പൊരുതിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ‘നിങ്ങളൊക്കെ ആദ്യം തൊട്ടേ ഇവിടെയുണ്ടല്ലേ… ഞാൻ മുൻപ് വന്നപ്പോഴും നിങ്ങളിവിടെ ഉണ്ടായിരുന്നു’- എന്നു പറഞ്ഞാണ് വി ഡി സതീശൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരുമായി സൗഹൃദം പങ്കിട്ടത്. പ്രതിപക്ഷ നേതാവിനൊപ്പം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാനും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു.
അതേസമയം ആദ്യ മണിക്കൂറുകളിൽ ഓടിയെത്തിയ നീലക്കുപ്പായക്കാർ ഇപ്പോഴും ദുരന്തഭൂമിയിൽ തുടരുകയാണ്. രണ്ടാം ഉരുൾപൊട്ടലുണ്ടായി ഒരു മണിക്കൂറിനകം ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ഓടിയെത്തിയവരിൽ യൂത്ത് ബ്രിഗേഡ് അംഗങ്ങളുണ്ടായിരുന്നു. പുത്തുമല ദുരന്തത്തിന്റെ അനുഭവ പരിചയമുള്ളതിനാൽ രക്ഷാദൗത്യത്തിനുള്ള ഉപകരണങ്ങളുമായാണ് സംഘം എത്തിയത്.
കുടുങ്ങിക്കിടന്ന പലരെയും സുരക്ഷിതമാക്കുകയായിരുന്നു ആദ്യ ദൗത്യം. ദുരന്തഭൂമിയിൽ പകച്ചുനിന്ന നിരവധി കുടുംബങ്ങളെ ധൈര്യം പകർന്ന് പുറത്തെത്തിച്ചു. കിടപ്പുരോഗികളായ രണ്ടുപേരെ തുണികൊണ്ടുണ്ടാക്കിയ സ്ട്രെക്ചറിൽ കിടത്തിയാണ് റോഡിലെത്തിച്ചത്. മറ്റൊരിടത്ത് ഒറ്റപ്പെട്ടുകിടന്ന 20 പേരെ പുലരും മുമ്പേ രക്ഷപ്പെടുത്തി. സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ പലർക്കും പ്രദേശം സുപരിചിതമായിരുന്നു. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് തുണയായതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ റഫീഖും കെ എം ഫ്രാൻസിസും പറഞ്ഞു.
റോപ്പിന് പുറമെ താൽക്കാലിക പാലം എന്ന ആശയം ഉയർന്നപ്പോൾ സൈന്യത്തിന് കമുക് ഉൾപ്പെടെയുള്ളവ എത്തിച്ചതും യൂത്ത് ബ്രിഗേഡാണ്. വനറാണി എസ്റ്റേറ്റിൽ കുടുങ്ങിക്കിടന്ന 17 പേരെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിലും എൻഡിആർഎഫിനൊപ്പം കഠിനപ്രയത്നം. തുടർന്നുള്ള ദിവസങ്ങളിൽ നിശ്ചയിക്കപ്പെട്ട ആറിടങ്ങളിൽ 250 പ്രവർത്തകർ എല്ലാ ദിവസവും അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും ഉൾപ്പെടെയുള്ളവർ ദുരന്തഭൂമിയിലെ ധീരതയുള്ള നേതൃത്വമായി.