കൊൽക്കത്ത > കൊൽക്കത്തയിൽ പിജി വിദ്യാർഥിനിയായ ഡോക്ടറെ ആശുപത്രി സെമിനാർ ഹാളിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നാം നിലയിലുള്ള സെമിനാർ ഹാളിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പ്രതി പുറത്തുനിന്നെത്തിയ ആളാണെന്നും ഇയാളാണ് കൊലനടത്തിയെതെന്നുമാണ് പൊലീസ് പറയുന്നത്.
കഴുത്തിലെ എല്ലൊടിഞ്ഞ് ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ ശേഷം വിശ്രമിക്കാനായി സെമിനാർ ഹാളിലേക്ക് പോയ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർഥികൾ മെഴുകിതിരി കത്തിച്ച് പ്രതിഷേധം നടത്തി. ആശുപത്രിയിൽ മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂനിയർ ഡോക്ടർമാർ ഡ്യൂട്ടി ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗം മാത്രമെ പ്രവർത്തിക്കുകയുളളുവെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കേസ് എടുത്തതായും അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.