ന്യൂഡൽഹി> മുംബൈയിലെ കോളേജിൽ കുട്ടികൾക്ക് ഹിജാബും ബുർഖയും ധരിക്കാമെന്ന് സുപ്രീം കോടതി. മുംബെയിലെ എൻ കെ ആചാര്യ ആൻഡ് ടി കെ മറാത്ത കോളേജിന്റെ സർക്കുലറിനെതിരെ ഒൻപതു പെൺകുട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുംബൈ ഹൈക്കോടതി ഹർജി നിരസിച്ചതോടെയാണ് പെൺകുട്ടികൾ സുപ്രീം കോടതിയെ സമീപിച്ചത്.
കോളേജിന്റെ നിലപാടിനെ ജസ്റ്റിസ് സഞ്ജീവ് ഖന്നയും പി വി സഞ്ജയ് ഖന്നയുമടങ്ങിയ ബഞ്ച് നിശിതമായി വിമർശിച്ചു. വസ്ത്രധാരണം നിയന്ത്രിക്കുന്ന കോളേജ് സർക്കുലറിലെ ഭാഗം കോടതി സ്റ്റേ ചെയ്തു. “വസ്ത്രധാരണത്തെ നിയന്ത്രിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് സ്ത്രീകളെ ശാക്തീകരിക്കാൻ സാധിക്കുന്നത് ? പെൺകുട്ടികൾ എന്താണ് ധരിക്കേണ്ടത് എന്ന് അവർ തീരുമാനിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുപോലെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്.’ കോടതി പറഞ്ഞു. “പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തുമോ’ എന്നും കോടതി ചോദിച്ചു.
വിദ്യാർഥികളുടെ മതം വെളിവാക്കാതിരിക്കാനാണ് നിയന്ത്രണം എന്ന് വാദിച്ച കോളേജിനോട്, പേര് കൊണ്ടു തന്നെ വ്യക്തികളുടെ മതം മനസ്സിലാക്കാൻ സാധിക്കും എന്ന് കോടതി ഓർമിപ്പിച്ചു. വസ്ത്രധാരണത്തിലെ വിലക്ക് നീക്കിയ കോടതി ഇടക്കാല ഉത്തരവ് ആരും ദുരുപയോഗം ചെയ്യില്ലെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു.