പാരീസ്: വാനോളം പ്രതീക്ഷകളുമായാണ് ഇന്ത്യൻ സംഘം പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിൽ എത്തിയത്. അതിന് കാരണങ്ങൾ പലതായിരുന്നു. നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ സംഘം കാഴ്ചവെച്ചത്. ടോക്കിയോയിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. റാങ്കിങ്ങിൽ മുപ്പത്തിമൂന്നാമത്എത്തിയെങ്കിലും സ്വർണ്ണമെഡലുകളുടെ എണ്ണം കൂട്ടിയുള്ള വിധി നിർണ്ണയത്തിലാണ് നാൽപത്തിയെട്ടാം സ്ഥാനത്തേക്ക് ഇന്ത്യ മാറിയത്. എന്നാലും ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസം ആയിരുന്നു പാരീസിൽ ഇന്ത്യൻ സംഘത്തിന്റെ കരുത്ത്.
എന്നാൽ, ഒളിമ്പിക്‌സ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ അത്ര മികച്ചതല്ല, ഇന്ത്യൻ സംഘത്തിന്റെ പ്രകടനം. ബാഡ്‌മെന്റൻ ഉൾപ്പടെ പ്രതീക്ഷയോടെ നോക്കികണ്ട പലയിനങ്ങളിലെയും തിരിച്ചടി ഇന്ത്യൻ സംഘത്തിന് ആഘാതമായി. എന്നിരുന്നാലും തുടർന്നുള്ള മത്സരങ്ങളിൽ കൂടുതൽ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ. നിലവിൽ അറുപത്തിനാലാം സ്ഥാനത്താണ് ഇന്ത്യ.
നീരജിലൂടെ വെള്ളിതിളക്കം
ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണം നിലനിർത്താനാണ് നീരജ് ചോപ്ര ഇറങ്ങിയതെങ്കിലും വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.നിലവിലെ സ്വർണ മെഡൽ ജേതാവായ നീരജിനെ പിന്തള്ളി പാക്കിസ്ഥാന്റെ അർഷദ് നദീയാണ് സ്വർണം നേടിയത്. എങ്കിലും,വെള്ളിയിൽ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിമ്പിക്സിൽ അത്‌ലറ്റിക്‌സിൽ തുടരെ വ്യക്തിഗത മെഡൽ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ സ്വർണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് മാറി.
ഹോക്കിയിലെ ഇന്ത്യൻ പ്രതാപം
ഒരുകാലത്ത് ഹോക്കിയുടെ മറുവാക്കായിരുന്നു ഇന്ത്യ. എന്നാൽ കാലം മാറിയതോടെ കഥ മാറി. പുതിയ രാജ്യങ്ങളും ടീമൂകളും വന്നു. ചരിത്രത്തിലൊതുങ്ങി പോയ ഹോക്കിയിലെ ഇന്ത്യൻ പ്രതാപം വീണ്ടും തിരികെ എത്തിയത് ബീജിങ് ഒളിമ്പിക്‌സ് മുതലായിരുന്നു. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടി. ഇത്തവണ സ്വർണ്ണമായിരുന്നു ഇന്ത്യൻ ഹോക്കി സംഘത്തിന്റെ പ്രതീക്ഷയെങ്കിലും സെമിഫൈനലിൽ ജർമ്മനിയോട് പൊരുതി തോറ്റു. എന്നാൽ വെങ്കലത്തിനായുള്ള മത്സരത്തിൽ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വെങ്കല മെഡൽ നിലനിർത്തി. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഇതോടെ ഹോക്കിയിലെ ആകെ മെഡൽ നേട്ടം 13 ആയി. എട്ട് സ്വർണ്ണം , ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയത്.
ചരിത്രം കുറിച്ച് മനുഭാക്കർ
ഒരു ഒളിമ്പിക് പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് ചരിത്രനേട്ടമാണ് പാരീസിൽ മനു ഭാക്കർ കുറിച്ചത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ മനു 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിലും സരബ്ജോത് സിങ്ങിനൊപ്പം ചേർന്ന് വെങ്കല മെഡൽ നേടി. 1900ത്തിലെ പാരിസ് ഒളിമ്പിക്‌സിൽ തന്നെ ബ്രിട്ടീഷ് ഇന്ത്യൻ അത്ലറ്റായിരുന്ന നോർമൻ പ്രിച്ചാർഡ് അത്ലറ്റിക്സിൽ 2 വെള്ളി മെഡൽ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വർഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന് ചരിത്രനേട്ടമാണ് പാരീസിൽ മനുഭാക്കർ വെടിവെച്ചിട്ടത്.
ഷൂട്ടിങ്ങിലെ വെങ്കലവെട്ടം
പാരീസ് ഒളിമ്പിക്സിൽ പുരുഷ 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലയുടെ വെങ്കല നേട്ടവും ഇന്ത്യക്ക് കരുത്തായി. 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ് സ്വപ്നിൽ.10 മീറ്റർ എയർ പിസ്റ്റൾ വനിത വിഭാഗത്തിൽ ഇന്ത്യയുടെ മനു ഭാക്കറാണ് ആദ്യ വെങ്കലം നേടിയത്.221 പോയിന്റോടെയാണ് മെഡൽ നേട്ടം.
10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിലായിരുന്നു രണ്ടാം വെങ്കല മെഡൽ നേട്ടം. സരബ്ജോത് സിങ്ങും മനുവുമായിരുന്നു സഖ്യമായി മത്സരിച്ചിരുന്നത്. തെക്കൻ കൊറിയൻ സഖ്യത്തെ 16-10 എന്ന മാർജിനിലായിരുന്നു കീഴടക്കിയത്. നിലവിൽ ഷൂട്ടിങ്ങിൽ മൂന്ന് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
നൊമ്പരമായി വിനേഷ് ഫോഗട്ട്
ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ച ഗുസ്തി താരം വിനയ് ഫോഗട്ടിനെ അയോഗ്യയാക്കിയതാണ് പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ കണ്ണീർ. ഭാരപരിശോധനയിൽ അനുവദനീയമായതിലും 100 ഗ്രാം കൂടുതൽ ഭാരം ഉള്ളതിനാലാണ് താരം അയോഗ്യയായത്.
പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫൈനലിൽ എത്തിയത്. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു.
Read More
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം